NEWS

ആർ സുഗതന്റെ ഒപ്പ് വിവാദം: സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കോർപ്പറേഷൻ, പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്ന് എസ്‌പി ദീപക്

എസ്‌പി ദീപക്,​ വിവി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ ഒപ്പ് വിവാദത്തിൽ ആരോപണം ആവർത്തിച്ച് സിപിഎം കൗൺസിലർ എസ് പി ദീപക്. സുഗതന്റെ ഒപ്പ് മേയർ വിവി രാജേഷിന്റെ സഹായത്തോടെയുള്ള വ്യാജ ഒപ്പാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ദീപക് പറഞ്ഞു.

ചില ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും എന്നാൽ കൗൺസിൽ ഹാളിൽ അങ്ങനെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് കോർപ്പറേഷൻ തന്നെ ഔദ്യോഗികമായി അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പുകമറ സൃഷ്ടിക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മേയർ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നും അത് എന്തിന് വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാമെന്നും ദീപക് കൂട്ടിച്ചേർത്തു. വ്യാജ ഒപ്പ് തെളിയിക്കപ്പെട്ടാൽ സുഗതനെ പുറത്താക്കേണ്ടിവരുമെന്നും അങ്ങനെ വന്നാൽ നിലവിലെ കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടമാകുമെന്നും ദീപത് പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ വിവി രാജേഷിന് മേയർ സ്ഥാനം നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് കൗൺസിൽ യോഗങ്ങളിൽ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ പങ്കെടുത്തില്ലെന്ന പ്രതിപക്ഷ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഏപ്രിൽ 27ലെ യോഗത്തിൽ സുഗതൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ വിവി രാജേഷ് ഇന്നലെ പുറത്തുവിട്ടിരുന്നു. വിവിധ ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് മേയർ പുറത്തുവിട്ടത്.

ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ എസ്‌പി ദീപക്കിനെതിരെ ഇന്നലെ മേയർ വിവി രാജേഷ് വക്കീൽ നോട്ടീസും അയച്ചിരുന്നു. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഡ്വ. സെന്തിൽ കുമാർ മുഖേന നോട്ടീസ് അയച്ചത്. ആരോപണങ്ങൾ വ്യാജമാണെന്നും തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണിത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED TOPICS: R SUGATHAN SIGNATURE CONTROVERSY, SP DEEPAK CASE, CORPORATION CCTV, BJP, MAYOR VV RAJESH

Read News ⏭️

Back to top button