HEALTH
ബാഡ്മിന്റൺ കരിയറിനായി ആ ശീലം ഉപേക്ഷിക്കേണ്ടി വന്നെന്ന് സൈന നെഹ്വാൾ

ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായിരുന്നു സൈന നെഹ്വാൾ. കരിയറിൽ സ്വന്തമാക്കിയ 24 അന്താരാഷ്ട്ര ബഹുമതികൾക്കൊടുവിൽ (international titles) 2026 ജനുവരിയിൽ അവർ കോർട്ടുകളോട് വിടപറഞ്ഞു. സൈനയുടെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നാൽ, വർഷങ്ങളായി അവർ കൃത്യമായി പിന്തുടരുന്ന ഭക്ഷണരീതിയും ഫിറ്റ്നസ് ശീലങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഈ നേട്ടങ്ങളൊന്നും സാധ്യമാകുമായിരുന്നില്ല.അടുത്തിടെ പ്രശസ്ത ഡയറ്റ് ആന്റ് ഫിറ്റ്നസ് കോച്ചും ‘ഐ.എം വൗ’ (I M Wow) സ്ഥാപകയുമായ ഗുഞ്ജൻ തനേജയ്ക്ക് നൽകിയ അഭിമുഖത്തിൽ സൈന തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും കരിയറിനായി സസ്യാഹാരത്തിൽ നിന്ന് മാംസാഹാരത്തിലേക്ക് മാറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു.ആദ്യകാലങ്ങളിൽ താൻ സസ്യഭുക്കായിരുന്നുവെന്നും പച്ചക്കറികളും മുട്ടയും മാത്രമായിരുന്നു പ്രധാന ആഹാരമെന്നും സൈന വ്യക്തമാക്കുന്നു. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിരന്തരം യാത്ര ചെയ്യേണ്ടി വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.”വിദേശയാത്രകളിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. പ്രോട്ടീൻ പൗഡർ മാത്രം കഴിച്ച് എപ്പോഴും കളിക്കാൻ കഴിയില്ലെന്ന് കോച്ച് പറഞ്ഞതോടെയാണ് ഞാൻ ചിക്കൻ കഴിക്കാൻ തുടങ്ങിയത്,” സൈന വെളിപ്പെടുത്തി.എല്ലാ രാജ്യങ്ങളിലും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നായതിനാൽ ചോറായിരുന്നു യാത്രകളിലെ പ്രധാന വിഭവം. ഒപ്പം പോകുന്ന രാജ്യങ്ങളിലെ രീതി അനുസരിച്ച് പാകം ചെയ്ത പച്ചക്കറികളും കഴിച്ചു. ഉദാഹരണത്തിന് ചൈനയിലും ജപ്പാനിലും പോകുമ്പോൾ അവിടുത്തെ രീതിയിലുള്ള പുഴുങ്ങിയ പച്ചക്കറികളായിരുന്നു പ്രധാന ഭക്ഷണം.കായികതാരങ്ങൾക്ക് മസിൽ വീണ്ടെടുക്കലിനും (muscle recovery), നല്ല ഉറക്കത്തിനും, മികച്ച പ്രകടനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വർക്കൗട്ടിന് ശേഷം സൈന പ്രോട്ടീൻ പൗഡർ കഴിച്ചിരുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ടയും, ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ചിക്കനും ഉൾപ്പെടുത്തി പ്രോട്ടീൻ കൃത്യമായി നിലനിർത്തിപ്പോന്നു.
Cinema ⏭️


