NEWS

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു


തിരുവനന്തപുരം∙ പാലക്കാട് റെയിൽവെ ഡിവിഷനിൽനിന്നു മംഗളൂരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്കു മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.ഓഗസ്റ്റ് 20 നാണ് മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്കു മാറ്റാനുള്ള ഉത്തരവിറങ്ങിയത്. ഇതോടെ, മംഗലാപുരം സ്റ്റേഷനടക്കം മൈസൂരു ഡിവിഷനിലേക്കു പോകും. ഒക്ടോബർ ഒന്നു മുതൽ മാറ്റം പ്രാബല്യത്തിൽ വരും. 1100 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാകുക. സതേൺ റെയിൽവേയിൽനിന്നു മാറി സൗത്ത് വെസ്റ്റേണ്‍ റെയിൽവേയുടെ ഭാഗമായിരിക്കും ഇനി മംഗലാപുരം മേഖല. പാലക്കാട് റെയിൽവേ ഡിവിഷന് വലിയ വരുമാനമുള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ‍ ഡിവിഷനിലേക്കു മാറും. മംഗലാപുരം തുറമുഖത്തുനിന്നുള്ള കണ്ടെയ്നറുകൾ കൊണ്ടു പോകുന്ന സ്റ്റേഷനാണ് പനമ്പൂർ. കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കു നീട്ടണമെങ്കിൽ മൈസൂർ ഡിവിഷന്റെ അനുമതി വേണ്ടിവരും. 


Fashion ⏭️

Back to top button