HEALTH

വെള്ളം കയറിയ വീടുകളിലേക്കും കടകളിലേക്കും തിരികെ കയറുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


വെള്ളപ്പൊക്കം മാറി വീടുകളിലേക്കും കടകളിലേക്കും തിരികെ പ്രവേശിക്കുമ്പോൾ കാത്തിരിക്കുന്ന അപകടങ്ങൾ നിരവധിയാണ്. വെള്ളം ഇറങ്ങിയ ഉടനെ തിരക്കിട്ട് വീടുകളിലും കടകളിലും പ്രവേശിക്കരുത്. പ്രധാനമായും വൈദ്യുതി ബന്ധം ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. വയറിങ് പരിശോധിക്കാൻ ഇലക്ട്രീഷ്യന്റെ സഹായം തേടുക. കെട്ടിടത്തിന് വിള്ളലോ ചുമരുകൾക്ക് ബലക്ഷയമോ ഉണ്ടോയെന്ന് പരിശോധിക്കണം. ഗ്യാസ് ചോർച്ചയുണ്ടായിട്ടുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കുക. പാമ്പ് തുടങ്ങിയ ജീവികൾ, പൊട്ടിയ ഗ്ലാസ്, ആണി എന്നിവയും ശ്രദ്ധിക്കുക. വെള്ളത്തിൽ മാലിന്യത്തിനൊപ്പം പാമ്പ് അടക്കമുള്ള ഇഴജന്തുക്കളും വീടിനുള്ളിലും കടകളിലും എത്താൻ സാധ്യത കൂടുതലാണ്. വെള്ളപ്പൊക്കത്തിൽ മാളങ്ങളിൽ വെള്ളം കയറുന്നതിനാൽ ഇവയിലുള്ള പാമ്പിൻകുഞ്ഞുങ്ങൾ വീടുകളിലും കടകളിലും എത്തുന്നത് പതിവാണ്. മാത്രമല്ല, ചെളിയോടൊപ്പം മാലിന്യവും വീടുകളിൽ എത്തും. വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക വൃത്തിയാക്കുന്നവർ റബർ ഗംബൂട്ട്, കട്ടിയുള്ള റബർ കൈയുറ, മാസ്ക്, കണ്ണട, ശരീരം മൂടുന്ന വസ്ത്രം എന്നിവ ധരിക്കുക. കൈകാലുകളിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ മുറിവുള്ളവർ മലിനജലത്തിൽ ഇറങ്ങരുത്. മുറിവിൽ വെള്ളം തട്ടിയാൽ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് ഉടൻ കഴുകണം.ചെളിവെള്ളവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധമരുന്ന് ഡോക്സിസൈക്ലിൻ കഴിക്കണം. ഇതിന് ആരോഗ്യ പ്രവർത്തകരുടെ നിർദേശം തേടണം. ആദ്യം പുറത്താക്കേണ്ടവ * വീട്ടിലെ വെള്ളവും ചെളിയും പമ്പ് ചെയ്തോ ബക്കറ്റ് ഉപയോഗിച്ചോ നീക്കം ചെയ്യുക. ചെളി, മാലിന്യം, ചീഞ്ഞ വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക.* വെള്ളത്തിൽ മുങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്.* തുറന്ന പാക്കറ്റുകളിലെ അരി, മാവ്, മസാല, പാൽപ്പൊടി തുടങ്ങിയവ കളയുക. * വെള്ളം കയറിയ മെത്ത, തലയണ, കാർഡ്ബോർഡ്, തെർമോകോൾ, കനത്ത പൂപ്പൽ പിടിച്ച വസ്തുക്കൾ സുരക്ഷിതമായി ഒഴിവാക്കുക. * പാത്രങ്ങൾ വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. * മൃഗങ്ങളുടെയോ പക്ഷികളുടെയോ ജഡം കണ്ടാൽ കൈകൊണ്ട് എടുക്കാതെ സുരക്ഷിതമായി നീക്കം ചെയ്യുക. വീട് കഴുകാൻ * ആദ്യം ശുദ്ധജലവും സോപ്പ് അല്ലെങ്കിൽ ഡിറ്റർജന്റും ഉപയോഗിച്ച് മേൽക്കൂരയ്ക്കടുത്ത ഭാഗങ്ങളിൽനിന്ന് താഴേക്ക് എന്ന ക്രമത്തിൽ കഴുകുക. * ചുമർ, വാതിൽ, ജനൽ, നിലം, മേശ, പ്ലാസ്റ്റിക്-മര ഫർണിച്ചർ എന്നിവയിലെ ചെളിയും അഴുക്കും പൂർണമായി നീക്കിയശേഷമാണ് അണുനശീകരണം നടത്തേണ്ടത്. ചെളിക്കു മുകളിൽ നേരിട്ട് ബ്ലീച്ചിങ് പൗഡർ വിതറുന്നത് ഫലപ്രദമല്ല. * വാതിലും ജനലുകളും തുറന്നുവെച്ച് വായുസഞ്ചാരം ഉറപ്പാക്കുക. വൈദ്യുത ഉപകരണങ്ങളിൽ ബ്ലീച്ച് ലായനി ഒഴിക്കരുത്. നിലവും ചുമരും അണുവിമുക്തമാക്കാൻ ഡി.സി.എസ് (DCS) ലായനി കേരള ആരോഗ്യവകുപ്പിന്റെ പ്രളയാനന്തര മാർഗനിർദേശപ്രകാരം വെള്ളപ്പൊക്കത്തിന് ശേഷം വീടിന്റെ നിലം, ചുമർ, വാതിൽ, ജനൽ തുടങ്ങിയവ അണുവിമുക്തമാക്കാൻ ഡി.സി.എസ് (Disinfectant Cleaning Solution) ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡർ – സോപ്പുപൊടി അല്ലെങ്കിൽ വാഷിങ് സോഡ മിശ്രിതമാണിത്. അനുപാതം: 10 ലിറ്റർ വെള്ളത്തിന് 150 ഗ്രാം ബ്ലീച്ചിങ് പൗഡറും 2–3 ടീസ്പൂൺ വീതം സോപ്പുപൊടിയോ വാഷിങ് സോഡയോ. തയ്യാറാക്കുന്ന വിധം: പ്ലാസ്റ്റിക് ബക്കറ്റിൽ ബ്ലീച്ചിങ് പൗഡറും സോപ്പുപൊടിയും എടുക്കുക. കുറച്ച് വെള്ളം ചേർത്ത് കട്ടകളില്ലാത്ത പേസ്റ്റ് ഉണ്ടാക്കുക. ശേഷിക്കുന്ന വെള്ളം ചേർത്ത് നന്നായി ഇളക്കുക. 5–10 മിനിറ്റ് അടിയാൻ വെക്കുക. മുകളിലെ തെളിഞ്ഞ ലായനി ഉപയോഗിച്ച് നിലം, ചുമർ, വാതിൽ, കഴുകാവുന്ന ഫർണിച്ചർ തുടങ്ങിയവ തുടയ്ക്കുക. മുറി തുറന്നുവെച്ച് ഉണങ്ങാൻ അനുവദിക്കുക. ശ്രദ്ധിക്കുക: ആസിഡ്, ടോയ്‌ലറ്റ് ക്ലീനർ, വിനാഗിരി, അമോണിയ എന്നിവയുമായി ഒരിക്കലും ബ്ലീച്ചിങ് പൗഡറോ ബ്ലീച്ചോ കലർത്തരുത്. വിഷവാതകം ഉണ്ടാകാം. അടച്ച മുറിയിൽ ഇത് ഉപയോഗിക്കരുത്. അടുക്കളയും പാത്രങ്ങളും * വെള്ളപ്പൊക്കവെള്ളം തട്ടിയ എല്ലാ പാത്രങ്ങളും ആദ്യം സോപ്പും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകുക. * തുടർന്ന് കുറഞ്ഞത് 10–15 മിനിറ്റ് തിളച്ച വെള്ളത്തിൽ മുക്കിവയ്ക്കുക. * തിളപ്പിക്കാൻ കഴിയാത്ത പാത്രങ്ങൾ 50 ppm ക്ലോറിൻ ലായനിയിൽ 30 മിനിറ്റ് മുക്കിവയ്ക്കുക. * പിന്നീട് വീണ്ടും ശുദ്ധജലത്തിൽ കഴുകി വായുവിൽ ഉണക്കുക. * മരം കൊണ്ടുള്ള പാത്രങ്ങൾ, പൊട്ടലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കേടായ കട്ടിംഗ് ബോർഡുകൾ എന്നിവ അണുവിമുക്തമാക്കാൻ പ്രയാസമുള്ളതിനാൽ ഉപേക്ഷിക്കുന്നതാണ് നല്ലത്. * പാത്രങ്ങൾ അണുവിമുക്തമാക്കി ശുദ്ധമായ സ്ഥലത്ത് സ്വാഭാവികമായി ഉണങ്ങാൻ വെക്കുക. * കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ * ടാങ്കിലെ മലിനജലം പൂർണമായി ഒഴുക്കുക. * അടിയും വശങ്ങളും ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുകഴുകുക. * കഴുകിയ വെള്ളം മുഴുവൻ പുറത്താക്കുക. * ശുദ്ധജലം നിറയ്ക്കുക. * വെള്ളത്തിന്റെ അളവനുസരിച്ച് സൂപ്പർ ക്ലോറിനേഷൻ നടത്തുക. * എല്ലാ ടാപ്പുകളും കുറഞ്ഞത് അഞ്ച് മിനിറ്റ് തുറന്ന് പൈപ്പിലെ മലിനജലം ഒഴുക്കുക.ടാങ്ക്/കിണർ സൂപ്പർ ക്ലോറിനേഷൻ കേരള ആരോഗ്യവകുപ്പിന്റെ പ്രളയാനന്തര നിർദേശം: 1,000 ലിറ്റർ വെള്ളത്തിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ) ഗുണമേന്മയുള്ള ബ്ലീച്ചിങ് പൗഡർ. തയ്യാറാക്കുന്നതും ഉപയോഗിക്കുന്നതും: * ആവശ്യമായ ബ്ലീച്ചിങ് പൗഡർ ബക്കറ്റിൽ എടുക്കുക. * കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. * കൂടുതൽ വെള്ളം ചേർത്ത് നന്നായി കലക്കുക. * 10–15 മിനിറ്റ് അടിയാൻ വെക്കുക. * അടിയിലെ അവശിഷ്ടം ഒഴിക്കാതെ മുകളിലെ തെളിഞ്ഞ ക്ലോറിൻ ലായനി മാത്രം ടാങ്കിലോ കിണറിലോ ഒഴിക്കുക. * വെള്ളം നന്നായി കലരാൻ അനുവദിക്കുക. * കുറഞ്ഞത് ഒരു മണിക്കൂർ കഴിഞ്ഞശേഷം മാത്രം ഉപയോഗിക്കുക. ശ്രദ്ധിക്കുക: ക്ലോറിനേഷൻ ആരോഗ്യവകുപ്പ് ജീവനക്കാരുടെയോ പരിശീലനം ലഭിച്ചവരുടെയോ മേൽനോട്ടത്തിൽ നടത്തുന്നതാണ് നല്ലത്. കുടിവെള്ളം വെള്ളം തെളിഞ്ഞതായി കാണുന്നതുകൊണ്ട് മാത്രം സുരക്ഷിതമാകില്ല. പ്രളയബാധിത പ്രദേശങ്ങളിൽ കുടിക്കാനും പാചകത്തിനും പല്ലുതേക്കാനും പാത്രം കഴുകാനും തിളപ്പിച്ച വെള്ളം ഉപയോഗിക്കുക. ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെങ്കിലും സംശയമുള്ള സാഹചര്യത്തിൽ വെള്ളം തിളപ്പിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. പരിസര ശുചീകരണം മുറ്റത്തെ ചീഞ്ഞ ഇലകൾ, ഭക്ഷണം, മാലിന്യം എന്നിവ നീക്കിയശേഷം മാത്രം അണുനശീകരണം നടത്തുക. നീറ്റ് കക്ക 1 കിലോ + ബ്ലീച്ചിങ് പൗഡർ 250 ഗ്രാം എന്ന അനുപാതത്തിൽ ചേർത്ത മിശ്രിതം മാലിന്യം നീക്കിയ പുറംപ്രദേശങ്ങളിൽ ആവശ്യത്തിന് ഉപയോഗിക്കാം. ഇത് വീടിനകത്തെ നിലം കഴുകാനുള്ള ലായനിക്ക് പകരമല്ല. ഉടൻ ചികിത്സ തേടേണ്ട ലക്ഷണങ്ങൾ വൃത്തിയാക്കലിനുശേഷം പനി, ശക്തമായ തലവേദന, കണ്ണിന് ചുവപ്പ്, പേശിവേദന, ഛർദി, വയറിളക്കം, മഞ്ഞപ്പിത്തലക്ഷണം, മുറിവിൽ ചുവപ്പ് – വീക്കം – പഴുപ്പ്, ശ്വാസംമുട്ടൽ എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ പോകുക.


Life Style ⏭️

Back to top button