HEALTH

സർക്കാരാശുപത്രിയിൽ രോഗികളെ പരിശോധിച്ച് ഡോക്ടറുടെ ഡ്രൈവർ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ | Doctor’s Driver Examines Patients at Government Hospital


ഉത്തർപ്രദേശ്: കോടതിയിൽ ഹാജരാകാൻ പോയ ഡോക്ടറുടെ അഭാവത്തിൽ ഔദ്യോഗിക കസേരയിലിരുന്ന് രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ ഡോക്ടറുടെ ഡ്രൈവർ പിടിയിൽ. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള കാൻഷിറാം സർക്കാർ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ ഗുരുതര സുരക്ഷാ വീഴ്ചയും ക്രമക്കേടും നടന്നത്. സംഭവത്തിൽ ജില്ല ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റമാദേവി ചൗരഹയ്ക്ക് സമീപമുള്ള കാൻഷിറാം ആശുപത്രിയിലെ ഒ.പി മുറിയിലിരുന്ന് ഒരു വ്യക്തി രോഗികളുമായി സംസാരിക്കുന്നതും കുറിപ്പടികൾ എഴുതുന്നതും വ്യക്തമാക്കുന്ന വീഡിയോ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്. അടിയന്തര വിഭാഗം മെഡിക്കൽ ഓഫീസർ രാംകേഷിന്റെ ഡ്രൈവറായ ‘ദേവ്’ ആണ് ഡോക്ടറുടെ വേഷം കെട്ടി രോഗികളെ പരിശോധിച്ചതെന്ന് ആശുപത്രി ജീവനക്കാർ തിരിച്ചറിഞ്ഞു. ഡോക്ടർ രാംകേഷ് കോടതിയിൽ ഹാജരാകാൻ പോയ സമയത്താണ് ഡ്രൈവർ ഈ അനധികൃത പ്രവൃത്തികൾ നടത്തിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഹരിദത്ത് നെമി വ്യക്തമാക്കി. ചീഫ് മെഡിക്കൽ സൂപ്രണ്ട് പീയുഷ് മിശ്രയുടെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർ മുൻപും സമാനമായ രീതിയിൽ ഒ.പിയിൽ രോഗികളെ പരിശോധിച്ചിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വിവാദം പുറത്തുവന്നതിന് പിന്നാലെ ഡ്രൈവറെ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. ഇയാൾക്ക് ഒ.പി മുറിയിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചു, എത്ര രോഗികളെ പരിശോധിച്ചു, എന്തൊക്കെ മരുന്നുകളാണ് കുറിച്ചുനൽകിയത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഡോക്ടർ രാംകേഷിനോട് വിശദീകരണം തേടുകയും ഡ്രൈവറെതിരെ ചകേരി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.


Life Style ⏭️

Back to top button