HEALTH

എപ്പോഴും വയറിനുള്ളിൽനിന്ന് ‘ഗുളുഗുളു’ ശബ്ദമുണ്ടാകുന്നുണ്ടോ? ഇതൊരു അസുഖമാകുന്നതെപ്പോൾ?


നിശബ്ദമായ ക്ലാസ്മുറിയിലോ മീറ്റിങ്ങിനിടയിലോ ഇരിക്കുമ്പോഴായിരിക്കും വയറിനുള്ളിൽനിന്ന് ‘ഗുളു ഗുളു’ എന്ന ശബ്ദമുണ്ടാകുന്നത്. ആ നിശബ്ദതയിൽ അത് മുഴങ്ങിക്കേൾക്കും. ഉടനെ നമ്മൾ സ്വയം ഓർമിപ്പിക്കും, ‘ഓ, വിശന്നിട്ട് കുടൽ ശബ്ദമുണ്ടാക്കാൻ തുടങ്ങി’. ശരിക്കും എന്തുകൊണ്ടാണ് ഇങ്ങനെ ശബ്ദമുണ്ടാകുന്നത്? (Stomach Growling). ബോർബറിഗ്മി (Borborygmi) എന്നും ഇത് വിളിക്കപ്പെടുന്നു.അതിന് പല കാരണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. വിശക്കുമ്പോഴും, ദഹനപ്രക്രിയ നടക്കുമ്പോഴും, ചില അസുഖങ്ങളുണ്ടാവുമ്പോഴും ഈ ശബ്ദമുണ്ടാവും. ഭക്ഷണം ചെറുകുടലിലെത്തുമ്പോൾ, ശരീരം ചില എൻസൈമുകൾ പുറപ്പെടുവിക്കുന്നു. ഭക്ഷണപദാർത്ഥങ്ങളെ വിഘടിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് സുഗമമാക്കാനും സഹായിക്കുന്നത് ഈ എൻസൈമുകളാണ്.വയറ്റിൽ നിന്നുണ്ടാകുന്ന ‘ഗുളുഗുളു’ ശബ്ദം സാധാരണയായി ദഹനപ്രക്രിയയുടെ ഭാഗമാണ്. ഭക്ഷണം, ദ്രാവകങ്ങൾ, എൻസൈമുകൾ, വായു എന്നിവ കുടലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇത്തരം ശബ്ദമുണ്ടാകുന്നത്. ഭക്ഷണം ദഹിക്കുന്നതിനായി കുടലിലൂടെ നീക്കാനും അവയെ നന്നായി യോജിപ്പിക്കാനും കുടലിന്റെ ഭിത്തികൾ തരംഗരൂപത്തിലുള്ള താളത്തിൽ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ‘പെരിസ്റ്റാൾസിസ്’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇത് വയറ്റിൽ ശബ്ദമുണ്ടാകാൻ കാരണമായേക്കാം. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷമോ, അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ ശ്രമിക്കുമ്പോഴോ പോലും ഇത്തരം ഗുളുഗുളു ശബ്ദം അനുഭവപ്പെട്ടേക്കാം.കുറേ മണിക്കൂറുകൾ ഭക്ഷണം കഴിക്കാതിരുന്നാലും, ശരീരം പെരിസ്റ്റാൽസിസ് എന്ന പ്രക്രിയ തുടരും. ഭക്ഷണം സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിനായി ആമാശയവും കുടലും ആസിഡും എൻസൈമുകളും ഉത്പാദിപ്പിക്കുകയും ചെയ്യും. പേശികളുടെ ഈ ചലനങ്ങളും ഒപ്പം ശൂന്യമായ ദഹനനാളവും ചേർന്ന് ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.എന്നാൽ, എല്ലായ്‌പ്പോഴും ഇതുതന്നെയാവണമെന്നില്ല ഇത്തരം ശബ്ദങ്ങൾക്കുപിന്നിൽ. ഫുഡ് അലർജി, ദഹനം ശരിയാവാത്ത അവസ്ഥ, ചില പ്രത്യേകതരം ഭക്ഷണത്തോടുള്ള അസഹിഷ്ണുത, ദഹനവ്യവസ്ഥയെ ബാധിക്കുന്ന അണുബാധകൾ, കുടലിന്റെ പ്രവർത്തനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയും ഇതിന് കാരണമായേക്കാം.വിശക്കുമ്പോൾ, തലച്ചോറിലെ ഹോർമോൺ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഉണർത്തുന്നു. തുടർന്ന് ഇവ ആമാശയത്തിലേക്കും കുടലിലേക്കും സന്ദേശങ്ങൾ അയയ്ക്കുന്നു. ഇതിന്റെ ഫലമായി ദഹനവ്യവസ്ഥയിലെ പേശികൾ ചുരുങ്ങുകയും ആ ശബ്ദങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.


Cinema ⏭️

Back to top button