HEALTH

ഡെങ്കിയെ പ്രതിരോധിക്കാൻ വാക്സിൻ റെഡി; ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി


ന്യൂഡൽഹി: ഇന്ത്യയിൽ ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. QDENGA എന്ന വാക്സിനാണ് അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഡെങ്കിപ്പനി വ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ വൻവഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ജാപ്പനീസ് മരുന്നുകമ്പനിയായ ടാകെഡയാണ് വാക്സിൻ വികസിപ്പിച്ചത്. നാലുമുതൽ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഈ വാക്സിൻ സഹായിക്കും. ലോകത്തിലെ ഡെങ്കിപ്പനി ബാധയുടെ ഏകദേശം മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണങ്ങൾ ഇല്ലാതാവുകയും ആശുപത്രിവാസം കുറയ്ക്കാനാവുകയും ചെയ്യുമെന്നാണ് അധികൃതർ കരുതുന്നത്. ടാകെഡയുടെ ആഗോള ക്ലിനിക്കൽ ഡെവലപ്മെന്റ് പ്രോഗാമിൽ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാക്സിന് അംഗീകാരം നൽകാൻ തീരുമാനമായത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും അല്ലാത്ത പ്രദേശങ്ങളിൽ നിന്നും 28,000 ക്ലിനിക്കൽ ട്രയൽ നടത്തി. തുടർന്നാണ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായത്. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്സിൻ പ്രകടമാക്കിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില്ലി രണ്ട് ഡോസ് എന്ന രീതിയിൽ ചർമത്തിനടിയിൽ നൽകുകയാണ് ചെയ്യുക. മൂന്നുമാസത്തെ ഇടവേളയിലാണ് ഡോസുകൾ നൽകുക. ഡെങ്കിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കാൻ നേരത്തേ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ QDENGA അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം വാക്സിൻ പൂർണമായും ഡെങ്കിയെ പ്രതിരോധിക്കുമെന്നല്ല മറിച്ച് ഡെങ്കിപ്പനി ഗുരുതരമാകുന്നതിനെയും പൊതുജനാരോഗ്യമേഖലയുടെ പ്രതിസന്ധിയെയും കുറയ്ക്കുമെന്നാണ് കരുതുന്നത്. കൊതുകുകളെ സൂക്ഷിക്കുക കൊതുകുകളിലൂടെ പകരുന്ന രോഗമാണ് ഡെങ്കിപ്പനി. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകും. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗലക്ഷണങ്ങൾ തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ. രക്തത്തിലെ കൗണ്ട് കുറയുന്നത് ഹൃദയത്തെ വരെ ബാധിക്കും. ഗുരുതര ലക്ഷണങ്ങൾ പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം. പ്രതിരോധം * കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം. * ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക. * ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക. * കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകു വല ഉപയോഗിക്കുക. * ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.


Life Style ⏭️

Back to top button