എച്ച്-1ബി, ഗ്രീൻ കാർഡ് നയമാറ്റം: ഡെമോക്രാറ്റിക് മുന്നേറ്റം ഇന്ത്യൻ കുടിയേറ്റക്കാരുടെ ഭാവിയിൽ നിർണായകമാകുന്നു

വാഷിങ്ടൻ∙ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ, യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾക്കും അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്കും ഒരുപോലെ ആശ്വാസവും ഒപ്പം ആശങ്കയും നൽകുന്ന രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങളിൽ കോൺഗ്രസിന് നേരിട്ട് ഇടപെടാൻ പരിമിതികളുണ്ടെങ്കിലും, കുടിയേറ്റ വിരുദ്ധമായ കർശന നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുന്നതിൽ നിന്നും ഭരണാധികാരികളെ തടയാൻ ഡെമോക്രാറ്റുകളുടെ മുന്നേറ്റം സഹായകമാകും.
വിസ ലോട്ടറി രീതിയും ശമ്പള ഘടനയും സംബന്ധിച്ച വിഷയങ്ങളിൽ നിലനിൽക്കുന്ന അവ്യക്തത ഐടി മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിലെ ക്രമരഹിതമായ ലോട്ടറി സമ്പ്രദായം മാറ്റി, ഉയർന്ന വേതനം ലഭിക്കുന്ന തസ്തികകൾക്ക് മുൻഗണന നൽകുന്ന ‘വേജ്-വെയ്റ്റഡ്’ രീതി നടപ്പിലാക്കുകയാണെങ്കിൽ അത് ഇന്ത്യൻ കമ്പനികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാകും വരുത്തിവെക്കുക. പ്രധാനമായും പുതുമുഖങ്ങളെയും ജൂനിയർ തലത്തിലുള്ള എൻജിനീയർമാരെയും അമേരിക്കയിലേക്ക് അയക്കുന്ന ഐടി സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് ഇതുമൂലം വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ട്.




