യുഎഇ പ്രസിഡന്റിന്റെ സ്നേഹസ്പർശം; മലയാളി വനിതയ്ക്ക് ലഭിച്ച അപൂർവ അംഗീകാരം

അബുദാബി∙ ഏഴ് എമിറേറ്റുകളിലും ദേശീയ പതാക ഉയർത്തിയുള്ള ആദരവ് നിറഞ്ഞുനിന്ന യുഎഇ പതാകദിനം പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമായി മാറി. രാജ്യത്തിന്റെ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കുചേരാൻ അവസരം ലഭിച്ചവരുടെ പട്ടികയിൽ ഒരു മലയാളി വനിതയുമുണ്ട്. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയായ ഷംജ മുജീബാണ് ഈ നേട്ടം സ്വന്തമാക്കിയത്. അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനലിൽ ഉദ്യോഗസ്ഥയാണ് ഇവർ.
രാജ്യത്തിന്റെ 55-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയുടെ കഴിഞ്ഞ 55 വർഷത്തെ അതിശയകരമായ വികസന യാത്രയെ പ്രതിനിധാനം ചെയ്യുന്ന 55 പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ചരിത്രപ്രസിദ്ധമായ ഖസ്ർ അൽ ഹൊസ്നിൽ വെച്ചാണ് വിപുലമായ പരിപാടി സംഘടിപ്പിച്ചത്.
അവിസ്മരണീയമായ ആദരം
ജീവിതത്തിൽ ഒരിക്കലും കരുതാത്ത, വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്തത്ര സന്തോഷം നിറഞ്ഞ നിമിഷമാണിതെന്നാണ് യുഎഇ ഭരണനേതൃത്വത്തിന്റെ ആദരവിനെക്കുറിച്ച് ഷംജ മുജീബ് പ്രതികരിച്ചത്. പരിപാടിയെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആദ്യം അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. ഈ ദിവസങ്ങളിൽ ദൂരയാത്രകൾ ഒഴിവാക്കി ശ്രദ്ധിക്കണമെന്ന് മാത്രമാണ് നിർദ്ദേശം ലഭിച്ചിരുന്നത്. പരിപാടിയുടെ സ്വഭാവത്തെക്കുറിച്ച് ഇന്നലെ രാത്രി മാത്രമാണ് ഷംജയ്ക്ക് അറിവ് ലഭിച്ചത്. തനിക്കേറെ പ്രിയപ്പെട്ട ഈ സന്ദർഭം ഒരു അപ്രതീക്ഷിത സമ്മാനമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു.




