LIFESTYLE

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് വിദേശ കുടിയേറ്റം: ഇന്ത്യക്കാർ സ്വപ്നനേട്ടങ്ങളിലേക്ക് എത്തുന്നത് എങ്ങനെ?

ഇന്ത്യയിലും വടക്കേ അമേരിക്കൻ രാജ്യങ്ങളിലും വീട് വാങ്ങുന്നതിനെയും ജീവിതനിലവാരത്തെയും സംബന്ധിച്ച് ഒരു പ്രവാസി ഇന്ത്യക്കാരൻ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ സംവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അനിവാര്യമാണോ എന്നതാണ് ഈ ചർച്ചയുടെ കാതൽ. ഇന്ത്യയിൽ സാമ്പത്തിക ഞെരുക്കങ്ങൾ നേരിട്ടിരുന്ന പലരും യുഎസ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയ ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ആഡംബര വീടുകളും വാഹനങ്ങളും സ്വന്തമാക്കുന്നത് എങ്ങനെയെന്ന പ്രണവ് ഭരദ്വാജിന്റെ ചോദ്യമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. വടക്കേ അമേരിക്കയിൽ താമസമാക്കിയ പല ഇന്ത്യക്കാരും അതിവേഗം വലിയ വസതികളും വസ്തുവകകളും വാങ്ങിക്കൂട്ടുന്നത് കണ്ട് താൻ വിസ്മയിച്ചുപോയതായി അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിക്കുകയുണ്ടായി.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും വളർന്നുവരുന്ന നഗരങ്ങളിലും കുതിച്ചുയരുന്ന ഭവനവിലയും ‘ഇഎംഐ കെണി’യും ഒരു സാധാരണക്കാരന്റെ സ്വന്തം വീടെന്ന സ്വപ്നത്തെ വിദൂരത്താക്കുകയാണ്. ഭൂമിയുടെ വിലയിലുണ്ടായ അമിതമായ വർധനവും നിർമാണ സാമഗ്രികളായ സിമന്റ്, കമ്പി എന്നിവയുടെയും തൊഴിലാളികളുടെ കൂലിയുടെയും തുകയിലെ വൻ കുതിച്ചുചാട്ടവും വീട് നിർമാണത്തെ സാധാരണക്കാരന് താങ്ങാനാവാത്ത ബാധ്യതയാക്കി മാറ്റിയിരിക്കുന്നു.

‘മോശം അടിസ്ഥാന സൗകര്യങ്ങളും മലിനമായ അന്തരീക്ഷവുമുള്ള ഒരു നഗരത്തിൽ കേവലം 1,100 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ഫ്ലാറ്റ് സ്വന്തമാക്കാൻ ഇന്ത്യക്കാർ തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു പങ്കും വരുമാനത്തിന്റെ പകുതിയോളം തുക ഇഎംഐ ആയി മാറ്റിവെക്കേണ്ടി വരുന്നു’, പ്രണവ് ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഒരു മധ്യവർഗ കുടുംബം തങ്ങളുടെ ആയുഷ്കാലം മുഴുവൻ ബാങ്ക് വായ്പകളുടെ കെണിയിൽപ്പെട്ട് നട്ടംതിരിയുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും രൂക്ഷമായ മലിനീകരണവും സാധാരണക്കാരുടെ ജീവിതനിലവാരത്തെ വലിയ തോതിൽ കുറയ്ക്കുന്നുണ്ട്. മധ്യവർഗ ജീവിതം നയിക്കാൻ ഇന്ത്യയിൽ നൽകേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ത്യാഗങ്ങൾ പ്രയോജനപ്രദമാണോ എന്ന ആഴത്തിലുള്ള സംശയമാണ് പ്രണവ് ഉന്നയിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതകൾ തലയിലേറ്റിയാലും തിരികെ ലഭിക്കുന്ന ജീവിതസാഹചര്യം തീർത്തും ദയനീയമാണ്. തകർന്ന റോഡുകൾ, മലിനമായ വായു, ശുദ്ധജലക്ഷാമം, മോശമായ പൊതുഗതാഗതം എന്നിവയാണ് നഗരവാസികളെ കാത്തിരിക്കുന്നത്. അധ്വാനത്തിന്റെ സിംഹഭാഗവും നികുതിയായും വായ്പാ തിരിച്ചടവായും നൽകുമ്പോൾ അതിനനുസരിച്ചുള്ള ജീവിതനിലവാരം ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് പലരെയും നാടുവിട്ടുപോകാൻ പ്രേരിപ്പിക്കുന്നത്.

വിദേശത്തേക്ക് കുടിയേറുന്നതോടെ മെച്ചപ്പെട്ട പൊതുസൗകര്യങ്ങളും ഉയർന്ന ജീവിതസാഹചര്യങ്ങളും ലഭിക്കുന്നു. ഇന്ത്യയിൽ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നവർ വിദേശത്തെത്തിയതോടെ മികച്ച നേട്ടങ്ങൾ കൈവരിച്ചതായി പ്രണവ് ഭരദ്വാജ് വ്യക്തമാക്കുന്നു. മികച്ച വരുമാനവും ഉയർന്ന സമ്പാദ്യ ശേഷിയും ഉള്ളതുകൊണ്ട് തന്നെ പുതിയ സാങ്കേതിക വിദ്യകളും ആഡംബര വാഹനങ്ങളും പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ വിശാലമായ വീടുകളും സ്വന്തമാക്കാൻ അവർക്ക് സാധിക്കുന്നു.

Cinema ⏭️

Back to top button