അഭിരാമിന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് നാട്: 10 മിനിറ്റിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞ് പോയ യുവാവ് മടങ്ങിയെത്തിയത് മൃതദേഹമായി

തിരുവനന്തപുരം∙ പത്തു മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നു ഫോണിലൂടെ ഉറപ്പുനൽകിയ മകൻ പിന്നീട് തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായി. പാങ്ങാപ്പാറയിലെ വീടിന്റെ മുറ്റത്തേക്ക് ആ മൃതദേഹം എത്തിയപ്പോൾ, വിങ്ങുന്ന ഹൃദയത്തോടെ അലമുറയിട്ടു കരയുന്ന പിതാവ് മധുവിനെയും മാതാവ് ധർമജയെയും ആശ്വസിപ്പിക്കാൻ കഴിയാതെ നാടാകെ കണ്ണീരിലാവുകയായിരുന്നു. ‘‘അച്ചുവേ, നീ ഒന്നു എഴുന്നേറ്റു വാടാ… അച്ഛൻ വിളിച്ചാൽ നീ വരാതിരിക്കില്ലല്ലോ’’ എന്നു ചോദിച്ചു മധു തേങ്ങിക്കരഞ്ഞപ്പോൾ അവിടെയുണ്ടായിരുന്നവരുടെയെല്ലാം മിഴികൾ നനഞ്ഞു. തികച്ചും നിരപരാധിയായ തങ്ങളുടെ മകനെ എന്തിനാണ് ഇത്ര ക്രൂരമായി കൊലപ്പെടുത്തിയതെന്ന ചോദ്യം ആ കുടുംബത്തിന്റെ നൊമ്പരമായി അവശേഷിച്ചു.
പ്രണയവൈരാഗ്യത്തിന്റെ പേരിൽ ദാരുണമായി കൊല്ലപ്പെട്ട പതിനേഴുകാരൻ എ.ഡി. അഭിരാമിന് അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള വലിയൊരു ജനക്കൂട്ടമാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പത്തരയോടെയാണ് പാങ്ങാപ്പാറയിലെ വാടകവീട്ടിലെത്തിച്ചത്. പ്രിയപ്പെട്ടവന്റെ നിശ്ചലമായ ശരീരം കണ്ട് മുത്തശ്ശിയും സഹോദരിയും ഹൃദയം പൊട്ടി കരഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. തുടർന്ന് കഴക്കൂട്ടം ശാന്തിതീരത്തുവെച്ച് സംസ്കാര ചടങ്ങുകൾ നടന്നു.




