റിപ്പബ്ലിക്കൻ കോട്ടയിൽ പിയ ദണ്ഡിയുടെ അട്ടിമറി വിജയം: ട്രംപിന്റെ പാർട്ടിക്ക് കനത്ത തിരിച്ചടി

പിയ ദണ്ഡിയ
വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വംശജയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പിയ ദണ്ഡിയ. ഫ്ലോറിഡയുടെ 22-ാം നമ്പർ മണ്ഡലത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചാണ് പിയ മികച്ച വിജയം വരിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ വ്യവസായി കേസി അസ്കറിനെ പരാജയപ്പെടുത്തിയാണ് 39കാരിയായ പിയ ഈ നേട്ടം കൈവരിച്ചത്. മൊത്തം വോട്ടുകളിൽ 51.9 ശതമാനം നേടിയാണ് പിയ വിജയം ഉറപ്പിച്ചത്. നേരത്തെ പ്രമീള ജയ്പാലാണ് അമേരിക്കൻ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജയെന്ന ഖ്യാതി നേടിയത്.
ആരാണ് പിയ ദണ്ഡിയ?
ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിൽ ജനിച്ച് വളർന്ന പിയയുടെ വേരുകൾ രാജസ്ഥാനിലെ ജയ്പൂരിലാണ്. 1980-കളിൽ അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഇവരുടെ മാതാപിതാക്കൾ. പിതാവ് ഡോ. രോഹിത് ദണ്ഡിയ അമേരിക്കയിൽ വൈദ്യശാസ്ത്ര രംഗത്ത് സേവനമനുഷ്ഠിച്ചപ്പോൾ, മാതാവ് ജൂപ്പിറ്ററിൽ ഒരു മോണ്ടിസോറി സ്കൂൾ നടത്തിയാണ് ഉപജീവനം നടത്തിയത്.
ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും അറിഞ്ഞുവളർന്ന പിയ, കുട്ടിക്കാലത്ത് പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബന്ധുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ മാതാപിതാക്കൾ നൽകിയ അവസരങ്ങൾ തന്റെ കാഴ്ചപ്പാടുകളെയും വ്യക്തിത്വത്തെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് 2025-ൽ നൽകിയ ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ പിയ വിദ്യാഭ്യാസ മേഖലയിൽ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പഠനകാലത്ത് ന്യൂഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ സന്ദർശനം നടത്തി അവിടുത്തെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനം നൽകാൻ പിയ മുൻകൈ എടുത്തിരുന്നു. തുടർന്ന് ‘ടീച്ച് ഫോർ അമേരിക്ക’ എന്ന പദ്ധതിയുടെ ഭാഗമായി ബോസ്റ്റണിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. തന്റെ 28-ാം വയസ്സിൽ ന്യൂയോർക്കിലെ ഹാർലെമിൽ ‘ഡെമോക്രസി പ്രെപ് എൻഡ്യൂറൻസ് ഹൈസ്കൂൾ’ സ്ഥാപിക്കുകയും അതിന്റെ പ്രിൻസിപ്പലായി പ്രവർത്തിക്കുകയും ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതായിരുന്നു പിയയുടെ സ്കൂളിന്റെ പ്രധാന ലക്ഷ്യം. അവിടത്തെ വിദ്യാർത്ഥികളിൽ 86 ശതമാനവും നിർധന കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. 2020-ൽ വൈറ്റ് ഹൗസ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട പിയ, വൈറ്റ് ഹൗസ് ആഭ്യന്തര നയകൗൺസിലിലും അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിലും നിർണ്ണായകമായ ചുമതലകൾ വഹിച്ചിട്ടുണ്ട്.




