NEWS

യുഎഇ ഭരണാധികാരിയുടെ പ്രശംസ ഏറ്റുവാങ്ങി മലയാളി യുവതി അർച്ചന

അബുദാബി: ‘ഇതൊരു സ്വപ്നം പോലെ തോന്നുന്നു, എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല’- അബുദാബി ഖസ്ർ ഹൊസ്നിൽ നടന്ന യുഎഇ ദേശീയ പതാകദിന ചടങ്ങിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തുമ്പോൾ, ആ വേദിയിൽ അവിസ്മരണീയമായ നിമിഷങ്ങൾ പങ്കുവെച്ച കോട്ടയം ചിങ്ങവനം സ്വദേശി അർച്ചന തോമസ് ഷീലയുടെ വാക്കുകളാണിത്. തീർത്തും അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം അർച്ചനയുടെ കണ്ണുകളെ ഈറനണിയിച്ചു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ സുവർണ മുഹൂർത്തമായി ഈ ചടങ്ങു മാറിയപ്പോൾ, താൻ വളർന്ന നാടിന്റെയും ഇപ്പോൾ കർമ്മഭൂമിയായ യുഎഇയുടെയും സ്നേഹം ഒരുപോലെ നെഞ്ചിലേറ്റുകയാണ് ഈ മലയാളി പെൺകുട്ടി.

ചരിത്രത്തിൽ ഇടംപിടിച്ച അബുദാബി ഖസ്ർ ഹൊസ്നിലെ പതാകദിന ആഘോഷത്തിൽ പങ്കെടുത്ത രണ്ട് മലയാളികളിൽ ഒരാളാണ് ഇരുപത്തിയൊൻപതുകാരിയായ അർച്ചന. രാജ്യത്തിന് വേണ്ടി പ്രതിസന്ധി ഘട്ടങ്ങളിൽ അർച്ചന കാഴ്ചവെച്ച നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചാണ് അധികൃതർ ഈ അപൂർവ ചടങ്ങിലേക്ക് അവരെ തെരഞ്ഞെടുത്തത്. മറ്റ് 55 പേരോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് നേരിട്ട് ഈ ചടങ്ങിനെത്തുന്നുവെന്ന വിവരം അർച്ചനയും സംഘവും അറിയുന്നത്. തങ്ങളുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ചിന്തിക്കാത്ത ആ നിമിഷം അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയായി മാറി.

തോമസ് ഏബ്രഹാമിന്റെയും ഷീലാമ്മ തോമസിന്റെയും മകളാണ് അർച്ചന. സഹോദരൻ അതുൽ ഏബ്രഹാമും അർച്ചനയ്ക്ക് മികച്ച പിന്തുണ നൽകുന്നു. തന്റെ വിജയങ്ങൾക്ക് പിന്നിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് വിനയത്തോടെ അർച്ചന പറയുന്നു. പ്രതിസന്ധികളെ തളരാതെ നേരിടാനുള്ള മനസ്സും കഠിനാധ്വാനവും കൊണ്ട് വിദേശമണ്ണിൽ മലയാളിയുടെ പെരുമ വാനോളം ഉയർത്തിയിരിക്കുകയാണ് ഈ പെൺകരുത്ത്.

Fashion ⏭️

Back to top button