മമിത ബൈജുവിനെ നായികയാക്കാൻ വിസമ്മതിച്ച ആ താരം ആര്? വെളിപ്പെടുത്തലുമായി കമൽ

സംവിധായകൻ കമൽ, നടി മമിത
മലയാള സിനിമയിലെ മുൻനിര നായികയായി മമിത ബൈജു മാറുമെന്ന് നേരത്തെ തന്നെ തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്ന് സംവിധായകൻ കമൽ വെളിപ്പെടുത്തുന്നു. മമിതയെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യാൻ താൻ താല്പര്യപ്പെട്ടിരുന്നെന്നും, എന്നാൽ നായകന്റെയും നിർമാതാവിന്റെയും എതിർപ്പിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. ‘പോർട്രെയൽസ് ബൈ ഗദ്ദാഫി’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പുതിയ തലമുറയിലെ അഭിനേതാക്കളിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് മമിത. ഇത് ഇപ്പോഴുള്ള തോന്നലല്ല, കുറച്ചു കാലമായി മമിതയുടെ പ്രകടനം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. മുടങ്ങപ്പോയ എന്റെ ഒരു സിനിമയിൽ മമിതയെ നായികയാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ‘ഖോ ഖോ’ എന്ന ചിത്രത്തിൽ മമിത കാഴ്ചവെച്ച മികച്ച പ്രകടനം കണ്ടപ്പോൾ തന്നെ ആ കുട്ടിയെ എന്റെ സിനിമയിൽ നായികയാക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.’
‘എന്നാൽ എന്റെ തീരുമാനം അറിയിച്ചപ്പോൾ, പുതുമുഖങ്ങളെ വേണ്ടെന്നും കുറച്ചുകൂടി പ്രശസ്തയായ നടിയെ മതിയെന്നുമായിരുന്നു ചിത്രത്തിലെ നായകന്റെ നിലപാട്. മമിത ഭാവിയിൽ വലിയൊരു താരമായി ഉയരുമെന്ന് ഞാൻ അവരോട് അന്ന് തന്നെ പറഞ്ഞിരുന്നു. പിന്നീട് ‘സൂപ്പർ ശരണ്യ’ കണ്ടതോടെ മമിത തന്നെ വേണമെന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിന്നു. നിർമാതാവിനോട് വീണ്ടും ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ, നായകനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.’
‘തുടർന്ന് ഞാൻ മമിതയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. മമിതയ്ക്കും അമ്മയ്ക്കും കഥാപാത്രം വലിയ രീതിയിൽ ഇഷ്ടപ്പെടുകയും ചെയ്തു. കുറച്ചധികം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നിട്ടും, ഏറെ താല്പര്യത്തോടെയാണ് മമിത അത് കേട്ടത്. നിങ്ങൾ തന്നെയാണ് ഈ വേഷത്തിന് ഏറ്റവും അനുയോജ്യയെന്ന് പറഞ്ഞ് അന്ന് ഞങ്ങൾ പിരിഞ്ഞു. എന്നാൽ പിന്നീട് നായകനും നിർമാതാവും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയും, മറ്റൊരു നായികയെ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയും ചെയ്തു. മമിതയുടെ പ്രതിഭ അവർക്ക് അന്ന് മനസ്സിലായില്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ആ സംഭവത്തിന് ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ‘പ്രേമലു’ റിലീസായതും, മമിത ഇന്ന് കാണുന്ന അത്രയും വലിയ താരമായി മാറിയതും,’ കമൽ കൂട്ടിച്ചേർത്തു.
RELATED TOPICS: MAMITHA BAIJU, DIRECTOR KAMAL, MAMITHA BAIJU MOVIES, KHO KHO MOVIE, PREMALU ACTRESS




