സൗദിയിൽ ചരിത്രമായി ആദ്യ റോബോട്ടിക് സ്തന പുനർനിർമാണ ശസ്ത്രക്രിയ

റിയാദ്: അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്ത് ആദ്യമായി സ്തന പുനർനിർമാണ ശസ്ത്രക്രിയ വിജയകരമായി നടത്തി സൗദി അറേബ്യ ചരിത്രം കുറിച്ചു. റിയാദിലെ സെക്യൂരിറ്റി ഫോഴ്സസ് ആശുപത്രിയിലാണ് 43 വയസ്സുകാരിയായ സൗദി വനിതയിൽ ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സ്തനാർബുദ ബാധയെത്തുടർന്ന് മുമ്പ് സ്തനവും മുലക്കണ്ണും ചുറ്റുമുള്ള ചർമ്മവും സംരക്ഷിച്ചുകൊണ്ടുള്ള മാസ്റ്റെക്ടമിക്ക് വിധേയയായ രോഗിയിലാണ് ഈ പുനർനിർമ്മാണം നടത്തിയത്.
പ്രത്യേക പരിശീലനം സിദ്ധിച്ച സൗദി ഡോക്ടർമാരുടെ സംഘം റോബോട്ടിക് സാങ്കേതികവിദ്യയും മൈക്രോ സർജറിയും സമന്വയിപ്പിച്ചാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. രോഗിയുടെ വയറുവേദ ഭാഗത്തുനിന്നും ചർമ്മവും കൊഴുപ്പും അടങ്ങിയ കലകൾ അതീവ കൃത്യതയോടെ മൈക്രോ സർജറിയിലൂടെ വേർതിരിച്ചെടുത്ത്, സ്തനത്തിന്റെ സ്വാഭാവികമായ ആകൃതി വീണ്ടെടുക്കുന്നതിനായി നെഞ്ചിലേക്ക് വച്ചുപിടിപ്പിക്കുകയായിരുന്നു. സാധാരണ ശസ്ത്രക്രിയകളുമായി താരതമ്യം ചെയ്യുമ്പോൾ, വളരെ ചെറിയ മുറിവുകളിലൂടെ സങ്കീർണ്ണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റോബോട്ടിക് സംവിധാനം സഹായിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വയറിന്റെ ഭാഗത്തുണ്ടാകാൻ സാധ്യതയുള്ള ശാരീരികക്ഷതങ്ങൾ പരമാവധി കുറയ്ക്കാനും ഹെർണിയ, നീർക്കെട്ട് തുടങ്ങിയ സങ്കീർണ്ണതകൾ ഒഴിവാക്കാനും ഈ നൂതന സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇത് ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുകയും രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. സ്ത്രീകളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന സ്തനാർബുദ ചികിത്സയിൽ, ശസ്ത്രക്രിയയിലൂടെ നഷ്ടപ്പെടുന്ന ശരീരപ്രകൃതി തിരിച്ചുപിടിക്കുന്നത് രോഗികളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമാണ്.
വിഷൻ 2030-ന്റെ ഭാഗമായി ആരോഗ്യമേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകളും ശാസ്ത്രീയ ഗവേഷണങ്ങളും നടപ്പിലാക്കാനുള്ള സൗദിയുടെ പരിശ്രമങ്ങളിലെ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് ഈ വിജയമെന്ന് അധികൃതർ വിലയിരുത്തി. അതിസങ്കീർണ്ണമായ ചികിത്സാ നടപടികൾ ഏറ്റെടുക്കാൻ കഴിവുള്ള ദേശീയ മെഡിക്കൽ സംഘവും ഉന്നതനിലവാരമുള്ള സൗകര്യങ്ങളും രാജ്യത്തുണ്ടെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് ശൂറാ കൗൺസിൽ അംഗം ഫാദിൽ അൽ ബുഐനൈൻ അഭിപ്രായപ്പെട്ടു. റോബോട്ടിക് സംവിധാനങ്ങളും മൈക്രോ സർജറിയും സംയോജിപ്പിക്കുന്നത് ശസ്ത്രക്രിയയിലെ കൃത്യത വർധിപ്പിക്കുമെന്നും മികച്ച ഫലം ഉറപ്പാക്കുമെന്നും ശാസ്ത്രീയ ഗവേഷണ, നൂതനാശയ അസോസിയേഷൻ ചെയർമാൻ ഡോ. അബ്ദുല്ല അൽ അകേൽ പറഞ്ഞു. ആശുപത്രികൾ, സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ സംയുക്ത പ്രവർത്തനം ഇത്തരം മുന്നേറ്റങ്ങൾക്ക് വലിയ കരുത്ത് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ, ഈ സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കാൻ ശേഷിയുള്ള മനുഷ്യവിഭവശേഷി വളർത്തിയെടുക്കേണ്ടത് പ്രധാനമാണെന്ന് ഡബ്ല്യു.എസ്.എം ഫോർ ഇൻഫർമേഷൻ ടെക്നോളജി എ.ഐ ഡയറക്ടർ അബ്ദുറഹ്മാൻ അൽ ഖുആരി ഓർമ്മിപ്പിച്ചു. ആരോഗ്യപരിചരണം, ആധുനിക സാങ്കേതികവിദ്യ, ശാസ്ത്രീയ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് സ്വയംപര്യാപ്തമായ ഒരു ആരോഗ്യ മേഖല കെട്ടിപ്പടുക്കാനുള്ള സൗദിയുടെ മുന്നേറ്റത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ നേട്ടം.




