മഴക്കാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കാറുണ്ടോ? നാല് കാര്യങ്ങൾ ചെയ്‌താൽ മുഖം വെട്ടിത്തിളങ്ങും

പ്രതീകാത്മക ചിത്രം
മാറുന്ന കാലാവസ്ഥ നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കാറുണ്ട്. വേനൽക്കാലമായാലും മഴക്കാലമായാലും ശ്രദ്ധിച്ചില്ലെങ്കിൽ ചർമത്തിന് ദോഷമാണ്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി അതിശക്തമായ മഴ പെയ്യുകയാണ്. ഈ സാഹചര്യത്തിൽ ചർമത്തിൽ പല മാറ്റങ്ങളും ഉണ്ടാകാം. പ്രത്യേകിച്ച് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ. ഇവ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഫേസ്‌വാഷ്
ദിവസവും കുറഞ്ഞത് രണ്ടുനേരം ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുക. അമിതമായ എണ്ണമയം മാറ്റാൻ ഇത് സഹായിക്കും. രണ്ടിൽ കൂടുതൽ തവണ ഫേസ്‌വാഷ് ഉപയോഗിക്കാൻ പാടില്ല. ഇത് ചർമത്തിൽ വരൾച്ചയുണ്ടാകാൻ കാരണമാകും.
സ്‌ക്രബ്
ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ മുഖവും ശരീരവും സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. മൃതകോശങ്ങൾ മാറ്റി ചർമം മിനുസമുള്ളതാക്കാൻ ഇത് സഹായിക്കും. കാപ്പിപ്പൊടി വെള്ളത്തിൽ യോജിപ്പിച്ച് സ്‌ക്രബ് ചെയ്യുന്നത് ചർമം തിളങ്ങാനും മൃദുവാക്കാനും സഹായിക്കും.
ഫേസ്‌പാക്ക്
കടലമാവ് അല്ലെങ്കിൽ മുൾട്ടാണി മിട്ടി ഉപയോഗിച്ചുള്ള ഫേസ്‌പാക്കാണ് മഴക്കാലത്ത് നല്ലത്. ഇവ വെള്ളത്തിലോ റോസ്‌വാട്ടറിലോ കലർത്തി ഫേസ്‌പാക്ക് രൂപത്തിലാക്കി ഉപയോഗിക്കാം. ആഴ്‌ചയിൽ മൂന്ന് തവണ ഫേസ്‌പാക്ക് ഉപയോഗിക്കാം.
മഴക്കാലത്ത് ശ്രദ്ധിക്കേണ്ടവ
മഴക്കാലമാണെന്ന് കരുതി സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കരുത്. ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുക. മാത്രമല്ല, മുഖത്ത് എണ്ണമയം ഉണ്ടെന്ന് കരുതി മോയ്‌ചറൈസറും ഉപയോഗിക്കാതിരിക്കരുത്. ചർമത്തിന് നല്ല രീതിയിലുള്ള ആരോഗ്യം നൽകാൻ ഇവ രണ്ടും ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
English Summary
With heavy rains in Kerala causing skin issues like acne, this article provides essential skincare tips. Recommendations include washing the face twice daily, scrubbing 2-3 times weekly, and applying face packs. Crucially, it advises continued use of sunscreen and moisturizer, even during the rainy season, to maintain overall skin health.
RELATED TOPICS: MONSOON SKINCARE TIPS, SUNSCREEN BENEFITS, GLOWING FACE TIPS, MAZHA KALAM SKINCARE, FACE CARE MALAYALAM
Health ⏭️


