FASHION
ഇനി വാച്ചിനൊപ്പം ബ്രേസ്ലെറ്റും, വിരലുകളിൽ വലുപ്പമേറിയ മോതിരങ്ങളും; പുരുഷന്മാരേ, ട്രെൻഡ് മാറി, ജ്വല്ലറി ഡ്രോയറിൽ കുറച്ച് ഇടം മാറ്റിവച്ചോളൂ

ഒരു കാലത്ത് പുരുഷന്മാരുടെ ജ്വല്ലറി ശേഖരം എണ്ണിപ്പറയാൻ അധികം സമയമൊന്നും വേണ്ടായിരുന്നു. ഒരു വാച്ച്, വിവാഹമോതിരം, കുറച്ചുകൂടി പരീക്ഷണത്തിന് തയ്യാറാണെങ്കിൽ ഒരു സിഗ്‌നറ്റ് റിങ്. അത്ര തന്നെ. ബാക്കിയെല്ലാം ആചാരപരമോ വൈകാരിക മൂല്യമുള്ളതോ ആയിരുന്നു. ആഭരണങ്ങൾ പുരുഷന്മാർക്ക് അത്ര ആവശ്യമുള്ള ഒന്നല്ലെന്ന ചിന്തയും ഉണ്ടായിരുന്നു. എന്നാൽ ആ ചിന്തകളെല്ലാം ഇന്ന് പാടെ മാറിയിരിക്കുന്നു. കമ്മലുകളും മൂക്കുത്തിയും മോതിരവും മാലയും വളയുമെല്ലാം ആണിനും പ്രത്യേക ചന്തം ചാർത്തുകയാണ്. ആഭരണങ്ങളുടെ കളക്ഷനിൽ അല്പം ലക്ഷ്വറിയും കടന്നുവരുന്നുണ്ട്. വലുപ്പമേറിയതും ശ്രദ്ധ നേടുന്നതുമായ മോതിരങ്ങൾ, വാച്ചിനൊപ്പം അണിയുന്ന ഡയമണ്ട് ബ്രേസ്ലെറ്റുകൾ, ജാക്കറ്റിന്റെ ലാപ്പലിൽ സ്ഥാനം പിടിച്ച ബ്രൂച്ചുകൾ, നിറമുള്ള കല്ലുകളും മുത്തുകളും തുടങ്ങി പുരുഷന്മാരുടെ ആഭരണലോകം കൂടുതൽ പരീക്ഷണാത്മകമാവുകയാണ്.2026-ലെ റെഡ് കാർപ്പറ്റുകളിലേക്ക് ഒന്നു നോക്കിയാൽ മതി. 2026 ഓസ്‌കർ വേദിയിൽ മൈക്കൽ ബി. ജോർഡൻ ജാക്കറ്റിന്റെ പിന്നിൽ ഡേവിഡ് യൂർമന്റെ നക്ഷത്രാകൃതിയിലുള്ള ഡയമണ്ട് ബ്രൂച്ച് അണിഞ്ഞെത്തിയപ്പോൾ, ചാനിങ് ടാറ്റം 22 കാരറ്റ് ടിഫാനി ആൻഡ് കോ. ‘Bird on a Rock’ ബ്രൂച്ചുമായാണ് ശ്രദ്ധ നേടിയത്. ടിമോത്തി ഷാലമെയുടെ ആഭരണ തിരഞ്ഞെടുപ്പുകളും ഇതിനകം തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു, സൂക്ഷ്മമായ സ്റ്റാക്ക്ഡ് റിങ്ങുകൾ മുതൽ വലുപ്പമേറിയ നെക്പീസുകൾ വരെ അക്കൂട്ടത്തിലുണ്ട്.2026-ലെ മെറ്റ് ഗാലയിലും പുരുഷന്മാരുടെ ഹൈ ജ്വല്ലറി പരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു. അസാപ് റോക്കി (A$AP Rocky) ഡയമണ്ടുകളും പിങ്ക് സഫയറുകളും ചേർത്ത ചാനൽ ആഭരണങ്ങൾ ഒന്നിനുമുകളിൽ ഒന്നായി അണിഞ്ഞപ്പോൾ, ട്രോയ് സിവൻ പണ്ടോറയുടെ ബെൽറ്റ് ചെയിനുമായി എത്തി. ഒരുകാലത്ത് വേറിട്ടതായി തോന്നിയിരുന്ന ഈ കാഴ്ചകൾ ഇന്ന് അത്ര അമ്പരപ്പിക്കുന്നതല്ല. അതാണ് യഥാർഥ മാറ്റവും.ദിവസവും അണിയാവുന്ന സിഗ്‌നേച്ചർ പീസായി മാറുന്ന സോളിറ്റയർ മുതൽ ഡയമണ്ട് ബ്രേസ്ലെറ്റ്, ശ്രദ്ധേയമായ ബ്രൂച്ച്, വ്യക്തിത്വം വിളിച്ചോതുന്ന ബെസ്‌പോക്ക് വാച്ച് വരെ പുരുഷന്മാരുടെ ആഭരണ തിരഞ്ഞെടുപ്പുകൾക്ക് പ്രാധാന്യം നൽകുന്നു.ഒരുപാട് ആഭരണങ്ങളല്ല, ചേരുന്ന ഒരു ആഭരണം സ്യൂട്ട്, വാച്ച്, കാർ എന്നിവ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്ന ഒരാൾ ആഭരണത്തിന്റെ കാര്യത്തിലും അതേ സൂക്ഷ്മത കാണിക്കുമെന്ന ചിന്തയിലാണ് പല ബ്രാൻഡുകളും വ്യത്യസ്ത ഡിസൈനുകളുമായി വിപണിയിലെത്തുന്നത്. ഒരാൾക്ക് ഒരുപാട് ആഭരണങ്ങൾ ആവശ്യമില്ല. തനിക്ക് യോജിക്കുന്ന, താൻ ഇഷ്ടപ്പെടുന്ന ഒരെണ്ണം മാത്രം മതി.
Life Style ⏭️


