സ്കൂളുകളിൽ കൗൺസിലിങ് നിർബന്ധമാക്കി: വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ പുതിയ തീരുമാനം

അഹമ്മദാബാദ്: വിദ്യാർഥികളുടെ മാനസിക ക്ഷേമം മുൻനിർത്തി സംസ്ഥാനത്തെ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കർശനമായ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഗുജറാത്ത് സർക്കാർ. പരീക്ഷാ സമ്മർദ്ദം, മാർക്ക് നേടാനുള്ള തീവ്രമായ മത്സരം, സാമൂഹിക മാധ്യമങ്ങളുടെ അമിത സ്വാധീനം, കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദം എന്നിവ മൂലം വിദ്യാർഥികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. 1974-ലെ ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ റെഗുലേഷൻസ് പ്രകാരമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ജിഎസ്എച്ച്എസ്ഇബി അംഗീകാരമുള്ള 9 മുതൽ 12 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. സുപ്രീം കോടതി മുന്നോട്ടുവെച്ച മാനസികാരോഗ്യ മാനദണ്ഡങ്ങളും എൻസിഇആർടി പുറത്തിറക്കിയ ‘ഉമ്മീദ്’ (UMMEED) മാർഗനിർദേശങ്ങളും ഉൾക്കൊള്ളിച്ചാണ് പുതിയ ക്രമീകരണങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഓരോ അധ്യയന വർഷത്തിന്റെയും ആരംഭത്തിൽ തന്നെ സ്കൂളുകളിൽ ‘വെൽനെസ് ടീം’ രൂപീകരിക്കേണ്ടത് നിർബന്ധമാണ്. സ്കൂൾ പ്രിൻസിപ്പലായിരിക്കും ഈ ടീമിന്റെ തലവൻ. കൗൺസിലറോ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകനോ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും. സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള ഓരോ അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധി, ഒരു അനധ്യാപക ജീവനക്കാരൻ, കൂടാതെ ‘മനോ-മിത്ര’ എന്നറിയപ്പെടുന്ന രണ്ട് വിദ്യാർഥി പ്രതിനിധികൾ എന്നിവർ ഈ സമിതിയിൽ ഉൾപ്പെടണം. നൂറിലധികം വിദ്യാർഥികളുള്ള വിദ്യാലയങ്ങളിൽ മാനസികാരോഗ്യത്തിൽ കൃത്യമായ പരിശീലനം സിദ്ധിച്ച കൗൺസിലറെയോ സൈക്കോളജിസ്റ്റിനെയോ സോഷ്യൽ വർക്കറെയോ നിയമിക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു. നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകൾ പുറമേയുള്ള വിദഗ്ധരുമായോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ജില്ലാ മാനസികാരോഗ്യ കേന്ദ്രങ്ങൾ, ടെലി-മനസ് തുടങ്ങിയ സംവിധാനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കണം.
സഹപാഠികൾക്ക് വൈകാരിക പിന്തുണ നൽകാനും ആവശ്യമായ ഘട്ടങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്ന ‘മനോ-മിത്ര’ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നു. മാർക്കുകളുടെയോ പരീക്ഷാ ഫലത്തിന്റെയോ അടിസ്ഥാനത്തിൽ കുട്ടികളെ തരംതിരിക്കുന്നതും, പരസ്യമായി താഴ്ത്തിക്കെട്ടുന്നതും, മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും സ്കൂളുകൾ കർശനമായി ഒഴിവാക്കണം. മറിച്ച്, തുല്യതയിലും അന്തസ്സിലും ഊന്നിയുള്ള ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സ്കൂളുകൾ മുൻഗണന നൽകേണ്ടത്. ബോർഡ് പരീക്ഷകൾ, ഫലപ്രഖ്യാപനം, ക്ലാസ് മാറ്റങ്ങൾ തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ കുട്ടികൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ (മെന്ററിങ്) ഉറപ്പാക്കണം. യോഗ, ധ്യാനം, കല, സംഗീതം, കായികം, നൃത്തം തുടങ്ങിയ ഉന്മേഷദായകമായ പ്രവർത്തനങ്ങളും സ്കൂളുകളിൽ നടത്തേണ്ടതുണ്ട്.
വിദ്യാർഥികൾക്ക് തങ്ങളുടെ ആശങ്കകൾ കൗൺസിലർമാരുമായി രഹസ്യമായി പങ്കുവെക്കാൻ സൗകര്യമൊരുക്കുകയും പരാതിപ്പെട്ടികൾ, ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറുകൾ എന്നിവ ലഭ്യമാക്കുകയും വേണം. അധ്യാപകർക്കും അനധ്യാപകർക്കും വർഷത്തിൽ രണ്ടുതവണയെങ്കിലും മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകണം. കുട്ടികളുടെ കൗൺസിലിങ് രേഖകൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും, ബുള്ളിയിങ്, സൈബർ ആക്രമണം, റാഗിങ്, ലിംഗ-ജാതി-മത-ഭാഷാ വിവേചനങ്ങൾ എന്നിവ തടയാൻ കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം സ്കൂളുകളിൽ ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു. ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്കൂളുകൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.




