എക്സൈസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർക്കെതിരായ വനിതാ ട്രെയിനികളുടെ പരാതി: നടപടിയായി

തൃശൂർ: വനിതാ ട്രെയിനികൾ ഉന്നയിച്ച ഗുരുതരമായ പരാതികളുടെ അടിസ്ഥാനത്തിൽ, തൃശൂർ എക്സൈസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ വി.എ. വിനോജിനെ പരിശീലനച്ചുമതലകളിൽ നിന്ന് നീക്കം ചെയ്യുകയും സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തങ്ങളുടെ പരിശീലനം ഇദ്ദേഹത്തിന് കീഴിൽ തുടരാൻ സാധിക്കില്ലെന്ന് കാണിച്ച് വനിതാ ട്രെയിനികൾ അക്കാഡമി ഡയറക്ടർക്കും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്കും നേരിട്ട് പരാതി നൽകുകയായിരുന്നു.
മോശമായ പെരുമാറ്റം, ഭീഷണിപ്പെടുത്തലുകൾ, അനാവശ്യമായ ശകാരങ്ങൾ, മാനസികമായി തളർത്തുന്ന നടപടികൾ തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് വിനോദിനെതിരെ ഉയർന്നിരിക്കുന്നത്. വനിതാ ഡ്രിൽ ഇൻസ്ട്രക്ടർമാരും ഇദ്ദേഹത്തിന്റെ പ്രവർത്തനരീതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അച്ചടക്കത്തിന്റെ മറവിൽ പരിശീലകരുടെയും ട്രെയിനികളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള സമീപനം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതാ ട്രെയിനിയും കടുത്ത മാനസിക പീഡനത്തിന് ഇരയായതായി പരാതിയിൽ പരാമർശമുണ്ട്.
ഈ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം, അക്കാഡമിയിലെ പരിശീലന വിഭാഗത്തിൽ നിന്ന് വിനോദിനെ മാറ്റിനിർത്തിക്കൊണ്ട് ജോയിന്റ് എക്സൈസ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചു.




