NEWS

ദയാവധം കാത്തിരുന്ന ആനക്കുട്ടിക്ക് തുണയായി അനന്ത് അംബാനി; കൊച്ചിയിൽ നിന്ന് മുംബയിലേക്ക് എയർലിഫ്റ്റ്

കൊച്ചി: ജനിതകപരമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും, ഒടുവിൽ ദയാവധത്തിന് വിധിക്കപ്പെടുകയും ചെയ്ത ആനക്കുട്ടിയുടെ ജീവൻ കാക്കാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി സഹായഹസ്തവുമായി രംഗത്തെത്തി. പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തിൽ പരിപാലിക്കുന്ന 18 മാസം പ്രായമുള്ള ‘മായ’ എന്ന ആനക്കുട്ടിയെയാണ് പ്രത്യേക ചാർട്ടേർഡ് വിമാനമാർഗ്ഗം മുംബൈയിലേക്ക് മാറ്റിയത്. അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ജാംനഗറിലെ ‘വൻതാര’ അനിമൽ റെസ്ക്യൂ സെന്ററിലെ അത്യാധുനിക ഐ.സി.യുവിലാണ് ഇപ്പോൾ മായയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹോർമോൺ തെറാപ്പികളിലൂടെയും ജനിതക ചികിത്സയിലൂടെയും ആനക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് വിദഗ്ധരുടെ ശ്രമം.

കഴിഞ്ഞ ജൂലൈ രണ്ടിന് കളിക്കുന്നതിനിടെ വീണതോടെയാണ് മായയുടെ കാലുകളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. മുൻകാലുകളിൽ അസ്ഥി ഒടിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ ആനക്കുട്ടി എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായി. വിശദമായ പരിശോധനയിൽ ഇതൊരു ജനിതക വൈകല്യമാണെന്ന് തെളിഞ്ഞതോടെ ചികിത്സയുടെ കാര്യത്തിൽ ആശങ്കകൾ ഉയർന്നു.

തുടർന്ന് ഒക്ടോബർ 24-ന് പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ. പി.ടി. ദിനേശ് നടത്തിയ പരിശോധനയിൽ അസ്ഥികൾക്ക് ബലക്ഷയം സംഭവിച്ചതായും ശ്വാസകോശത്തിൽ അണുബാധയും ശരീരത്തിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തി. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് ദയാവധം നടപ്പിലാക്കാൻ ശുപാർശ നൽകുകയായിരുന്നു.

എന്നാൽ, അവസാനവട്ട ശ്രമമെന്ന നിലയിൽ വനംവകുപ്പ് അധികൃതർ വൻതാരയിലെ പ്രശസ്ത ആന ചികിത്സാ വിദഗ്ദ്ധനായ ഡോ. കുശാൽ കോൺവാർ ശർമ്മയുടെ സഹായം അഭ്യർത്ഥിച്ചു. അദ്ദേഹവുമായി നടത്തിയ ഓൺലൈൻ ചർച്ചകൾക്കൊടുവിൽ മായയെ അടിയന്തരമായി വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയും ഇതിനായി വ്യാഴാഴ്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

പ്രത്യേക കിടക്കയിൽ വിമാനയാത്ര

വിമാനമാർഗ്ഗം ആനക്കുട്ടിയെ കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രത്യേക കിടക്ക (ക്രെയിറ്റ്) തയ്യാറാക്കുകയും ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് അതിൽ കിടത്തി ലോറിയിലേക്ക് കയറ്റുകയുമാണ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30-ന് യാത്ര ആരംഭിച്ച സംഘം 2.30-ഓടെ മുംബൈ വിമാനത്താവളത്തിലെത്തി. വൻതാരയിലെ ഡോക്ടർമാരുടെ സംഘം വിമാനയാത്രയിൽ ഉടനീളം കൂടെയുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസിലാണ് മായയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി. ബാബുവും ആനയുടെ പാപ്പാന്മാരിൽ ഒരാളായ നിഖിൽ ബാബുവും നേരത്തെ തന്നെ മുംബൈയിൽ എത്തിയിരുന്നു. ചികിത്സ ഫലപ്രദമായാൽ മായയെ തിരിച്ചെത്തിക്കാനാണ് തീരുമാനം.

വൻതാരയിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ:

  • അത്യാധുനിക ഐ.സി.യു സംവിധാനവും 24 മണിക്കൂർ നിരീക്ഷണവും.
  • വേദന ലഘൂകരിക്കാനുള്ള സവിശേഷ ചികിത്സകൾ.
  • വിപുലമായ രോഗനിർണ്ണയ സംവിധാനങ്ങൾ.
  • ഹൈഡ്രോളിക് ചികിത്സാ ഉപകരണങ്ങൾ.
  • ജലചികിത്സാ സൗകര്യങ്ങൾ (ഹൈഡ്രോ തെറാപ്പി).

ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വൻതാരയാണ് വഹിക്കുന്നത്. മധ്യമേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള സമിതി ചികിത്സയുടെ പുരോഗതി നിരന്തരം വിലയിരുത്തും. മായയുടെ പാപ്പാൻ പൂർണ്ണസമയം കൂടെത്തന്നെയുണ്ടാകും.

ഡോ. പി. പുകഴേന്തി
ചീഫ് വൈൽഡ് ലൈഫ് വാർഡൻ

Sports ⏭️

Read News ⏭️

Back to top button