NEWS

സി.ഐ.ടി.യു സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

കോട്ടയം: സി.ഐ.ടി.യുവിന്റെ പതിനാറാമത് സംസ്ഥാന സമ്മേളനത്തിന് കോട്ടയം നഗരത്തിൽ വർണ്ണാഭമായ തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച പതാക, കൊടിമരം, കപ്പി, കയർ ജാഥകൾ കളക്ടറേറ്റ് പരിസരത്ത് സംഗമിച്ച ശേഷം തിരുനക്കര മൈതാനത്ത് സമാപിച്ചു. സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ സമ്മേളന പതാക ഉയർത്തിയ ചടങ്ങിൽ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളെ ആദരിക്കുകയും ചെയ്തു.

മാമ്മൻ മാപ്പിള ഹാളിൽ ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 1149 യൂണിയനുകളിൽ നിന്നായി 625 പ്രതിനിധികളാണ് സമ്മേളനത്തിൽ അണിനിരക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ പതാക ഉയർത്തുന്ന ചടങ്ങിൽ ഐ.എൻ.ടി.യു.സി നേതാവ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി നേതാവ് കെ.പി. രാജേന്ദ്രൻ എന്നിവർ ആശംസകൾ നേരും. ദേശീയ പ്രസിഡന്റ് സുദീപ് ദത്ത, ദേശീയ സെക്രട്ടറി എ.ആർ. സിന്ധു, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കണ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വരും ദിവസങ്ങളിലും തുടരുന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒൻപതാം തീയതി വൈകിട്ട് നാല് മണിക്ക് നടക്കുന്ന വമ്പൻ റാലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറിൽ തെളിയിക്കാനുള്ള ദീപശിഖാ ജാഥയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 7.30-ന് നീണ്ടൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ. വാസവൻ നിർവ്വഹിക്കും.

Sports ⏭️

Read News ⏭️

Back to top button