NEWS
ശ്രീകുമാരൻ തമ്പിക്ക് കമുകറ പുരസ്കാരം

തിരുവനന്തപുരം: ഗാനഗന്ധർവൻ കമുകറ പുരുഷോത്തമന്റെ ഓർമ്മയ്ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. അമ്പതിനായിരം രൂപയും ഫലകവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 14-ന് വൈകിട്ട് അഞ്ചുമണിക്ക് ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ പുരസ്കാരം വിതരണം ചെയ്യും. പ്രമുഖ ചലച്ചിത്ര താരം രാധ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പുരസ്കാര വിതരണത്തിന് ശേഷം ‘ഹൃദയഗാനങ്ങളുടെ ശ്രീവസന്തം’ എന്ന പേരിൽ ഒരു സംഗീത സന്ധ്യയും അരങ്ങേറുമെന്ന് കമുകറ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.വി. ശിവൻ, വൈസ് പ്രസിഡന്റ് കമുകറ ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.




