NEWS

ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന പോസ്റ്റ്: കെ.പി.സി.സി ഭാരവാഹികൾക്ക് കോടതിയലക്ഷ്യ നോട്ടീസുമായി സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിനെതിരെ കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെ ഉണ്ടായ വിമർശനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. കോടതിയലക്ഷ്യ നടപടികളിൽ നിന്നും ഒഴിവാകാൻ തക്ക കാരണമുണ്ടെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹികളും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി മുഴുവൻ ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടിസ് അയക്കാൻ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിലപാട് സ്വീകരിച്ചത്. ജുഡീഷ്യറിയുടെ അധികാരത്തെ തകർക്കാൻ ശ്രമിക്കുന്ന ഏത് നടപടിയെയും ഗൗരവമായിത്തന്നെ നേരിടുമെന്ന് വ്യക്തമാക്കിയ കോടതി, ക്ഷമയെ ബലഹീനതയായി കാണേണ്ടതില്ലെന്നും താക്കീത് നൽകി. കെ.പി.സി.സിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. രമേശ് ബാബു സംഭവത്തിൽ നിരുപാധികം മാപ്പ് അപേക്ഷിച്ചുവെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. മാപ്പ് നൽകുന്നത് ആത്മാർത്ഥമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. വിവാദ പോസ്റ്റ് ഇട്ട വ്യക്തിയെ ഡിജിറ്റൽ മീഡിയ സെല്ലിൽ നിന്ന് നീക്കം ചെയ്തതായും, ഇങ്ങനെയൊരു സംഭവം പാർട്ടിയുടെ അറിവോടെയല്ല നടന്നതെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, പാർട്ടിയിൽ എഴുപതിലേറെ ഭാരവാഹികളുണ്ടെന്ന അഭിഭാഷകന്റെ വാദം പ്രസക്തമല്ലെന്നും, എല്ലാവരും മറുപടി നൽകിയേ തീരൂ എന്നും കോടതി അറിയിച്ചു. വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് സഹായം തേടി. കൂടാതെ, അഡ്വക്കേറ്റുമാരായ അരവിന്ദ് ദത്താർ, ഗൗരവ് അഗർവാൾ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. വിനീത് ജിൻഡൽ, ശ്രീജേഷ് എസ്.ആർ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് ഈ ഉത്തരവ്. ഹർജി ഡിസംബർ 15-ന് വീണ്ടും പരിഗണിക്കും.

രാഷ്ട്രീയ പിന്തുണ ആവശ്യമില്ല

ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പിന്തുണയിലോ ബാഹ്യമായ അംഗീകാരത്തിലോ അല്ല സുപ്രീം കോടതിയുടെ പ്രവർത്തനം. ഭരണഘടനയിലും നിയമവാഴ്ചയിലുമാണ് നീതിന്യായ വ്യവസ്ഥയുടെ അടിത്തറ അടിയുറച്ചിരിക്കുന്നത്. രാജ്യത്ത് ഭരണഘടനയാണ് പരമോന്നതം. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ രാഷ്ട്രീയ പാർട്ടികളോ ഭരണഘടനയ്ക്ക് അതീതരല്ല. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും സൗകര്യങ്ങൾക്കും അനുസരിച്ച് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ മാറ്റാൻ ആരെയും അനുവദിക്കില്ല. കോടതി വിധികൾ വിമർശനാത്മകമായി സമീപിക്കുന്നതിൽ തെറ്റില്ല, എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കോടതിയെ ഭീഷണിപ്പെടുത്തുന്നതോ നിയമനടപടികളിൽ ഇടപെടുന്നതോ അംഗീകരിക്കാനാവില്ല. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരായാലും നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ, എത്ര ഉന്നതരായാലും നിയമം അതിന്റെ വഴിക്ക് സഞ്ചരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒക്ടോബർ 12-നാണ് വിവാദപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

Sports ⏭️

Read News ⏭️

Back to top button