LIFESTYLE

ഒരേ ഉടലിൽ രണ്ട് തലകളോടെ ജനനം; കൗതുകമായി കുഞ്ഞൻ പല്ലികൾ


ഒരു ശരീരത്തിൽ രണ്ട് തലകളോടെ ജനിച്ച പല്ലികൾ

ഒരേ ഉടലിൽ ഒന്നായി ജനിക്കുന്ന രണ്ട് മനുഷ്യരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. ഇപ്പോഴിതാ അതേ അവസ്ഥയിൽ ഒരേ ഉടലിൽ ഇരുതലയോടെ ജനിച്ച അപൂർവ്വയിനം പല്ലികളുടെ അതിജീവനത്തിന്റെ കഥയാണ് വാർത്തകളിൽ നിറയുന്നത്.

ജനിച്ച് നാലാഴ്‌ച പിന്നിട്ടിട്ടും ആരോഗ്യത്തോടെ കഴിയുകയാണ് ഈ അപൂർവ ജീവി. ഇത്തരം അവസ്ഥയിൽ ജനിക്കുന്ന ജീവികൾ സാധാരണയായി അതിജീവിക്കാറില്ലെന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. വടക്കുകിഴക്കൻ പെൻസിൽവേനിയയിലെ ‘റോക്ക്‌സ്റ്റാർ ഗെക്കോസ്’ എന്ന ഉരഗ പ്രജനന കേന്ദ്രത്തിലാണ് ജൂൺ 29ന് ഈ പല്ലികൾ വിരിഞ്ഞത്. ‘സൈമൺ ആന്റ് ഗാർഫങ്കൽ’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.

മുട്ടവിരിയുംവരെ അസാധാരാണമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് പ്രജനന കേന്ദ്രം അറിയിച്ചു. വിരിഞ്ഞതിനുശേഷമാഓണ് രണ്ട് തലകളും ഒരു ശരീരവുമായി പല്ലികളെ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ അധികൃതർ പങ്കുവച്ചിരുന്നു.

ഈ പല്ലികൾ അധികനാൾ അതിജീവിക്കില്ലെന്നാണ് വിദഗ്‌ദ്ധർ ആദ്യം പറഞ്ഞത്. എന്നാൽ, രണ്ടുപല്ലികളും സ്വതന്ത്രമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് പരിചാരകർ വ്യക്തമാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്നും അവർ പറയുന്നു. പല്ലികളുടെ ശരീരത്തിന്റെ ആന്തരിക ഘടന മനസിലാക്കുന്നതിനായി എക്‌സ്‌-റേ പരിശോധന നടത്താൻ വിദഗ്‌ദ്ധർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, വളരെ ചെറിയ ജീവിയായതിനാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രത്യേക പരിചരണവും നിരന്തര നിരീക്ഷണവും തുടരുകയാണെന്ന് പരിചാരകർ പറയുന്നു.

സയാമിസ്‌ ഇരട്ടകളിലെതന്നെ ഈ അപൂർവ അവസ്ഥയെ വിളിക്കുന്നത് ഡൈസഫലി എന്നാണ്. ഭ്രൂണവികസനത്തിനിടെ ഇരട്ടഭ്രൂണങ്ങൾ പൂർണമായി വേർപെടാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രണ്ട് തലകൾക്കും പ്രത്യേകം മസ്‌തിഷ്‌കം ഉണ്ടാകുമെങ്കിലും ശരീരം ഒന്നായിരിക്കും.

ആന്തരികാവയവങ്ങളിലെ വൈകല്യവും നാഡീവ്യൂഹത്തിലെ പ്രശ്‌നങ്ങളും കാരണം ഇത്തരത്തിൽ ജനിക്കുന്നവർ അധികനാൾ ജീവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ചില സമയങ്ങളിൽ രണ്ട് മസ്‌തിഷ്‌കവും ഒരേ സമയം ശരീരത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ചലനത്തെയും ബാധിക്കാം.


News ⏭️

Back to top button