മട്ടാഞ്ചേരി മാഫിയ നവംബറിൽ; നായകൻ നസ്ലിൻ, നാടൻ ഗുണ്ടയായി മമ്മൂട്ടി

മമ്മൂട്ടി , നസ്ലിൻ, ആസിഫ് അലി, ലുക് മാൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ നവംബറിൽ ചിത്രീകരണം ആരംഭിക്കും. നാടൻ ഗുണ്ടയായി മമ്മൂട്ടി എത്തുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്. നസ്ലിൻ ആണ് നായകൻ. വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആസിഫ് അലി . മമ്മൂട്ടി ചിത്രത്തിൽ ആസിഫ് അലി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദ്യമാണ്. ചിത്രത്തിൽ നായികമാരുണ്ടെങ്കിലും വേണ്ട പ്രാധാന്യം ഉണ്ടാകില്ലെന്ന് അറിയുന്നു.
മട്ടാഞ്ചേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഉണ്ട എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രാകേഷും ചേർന്നാണ് നിർമ്മാണം . നിയോഗ് കൃഷ്ണ, സുഹാസ്, ഷറഫ് , തസ്രീഖ് അബ്ദുൾ സലാം എന്നിവർ ചേർന്നാണ് തിരക്കഥ, ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം റെക്സ് വിജയൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള.
അതേസമയം നിതീഷ് സഹേദവ് സംവിധാനം ചെയ്യുന്ന മേള നവംബറിൽ പൂർത്തിയാകും. മേള പൂർത്തിയായ ശേഷം മട്ടാഞ്ചേരി മാഫിയയിൽ മമ്മൂട്ടി ജോയിൻ ചെയ്യും. നവാഗതനായ ഷിബിൻ മുരുകേഷ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് മട്ടാഞ്ചേരി മാഫിയയ്ക്ക്ശേഷം മമ്മൂട്ടിയെ കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് ഷിബിൻ മുരുകേഷ് ചിത്രത്തിന്റെ നിർമ്മാണം. മേളയ്ക്കുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
Business ⏭️


