CINEMA

പരിസ്ഥിതിയെ ബലികഴിച്ചാണോ ഡാറ്റാ സെന്റർ,​ ലക്ഷക്കണക്കിന് ലിറ്റർ വെള്ളവും കോടികളുടെ വൈദ്യുതിയും നഷ്‌ടം


പ്രതീകാത്മക ചിത്രം

വിശാഖപട്ടണത്ത് ഗൂഗിൾ നിർമിക്കാൻ നിർദേശിച്ചിരിക്കുന്ന 15 ബില്യൺ ഡോളറിന്റെ എഐ ഹബ്ബും ഒരു ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ കാമ്പസും പരിസ്ഥിതി വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പദ്ധതിക്കെതിരെ പ്രാദേശിക പ്രവർത്തകരും പരിസ്ഥിതി സംഘടനകളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി തടയാൻ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജിയും ദേശീയ ഹരിത ട്രൈബ്യൂണലിൽ മൂന്ന് കേസുകളും സമർപ്പിച്ചിട്ടുണ്ട്.

വിശാഖപട്ടണത്ത് ഇതിനോടകം ജലക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. “നമുക്ക് ഡാറ്റ കുടിക്കാൻ കഴിയില്ല” എന്നെഴുതിയ ബാനറുകളുമായും അവർ പ്രതിഷേധം നടത്തി. പദ്ധതി നടപ്പിലക്കാൻ ഉദ്ദേശിച്ചിരുന്ന മേഖലയിൽ നിന്നും ഏകദേശം 860 മീറ്റർ മാത്രം അകലെയാണ് ഒരു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പുള്ളിപ്പുലികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ പ്രദേശം. അതിനാൽ ഡാറ്റാ സെന്റർ നിർമാണം വന്യജീവികളെയും പരിസ്ഥിതിയെയും ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

പദ്ധതിക്കായി കുടിവെള്ളം വഴിതിരിച്ചുവിടുമെന്ന ആരോപണം ആന്ധ്രപ്രദേശ് സർക്കാർ നിഷേധിച്ചിട്ടുണ്ട്. അതേസമയം, പരിസ്ഥിതിക്ക് ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കുന്നതിനായി നൂതന എയർ കൂളിംഗ് സംവിധാനങ്ങളും ശബ്ദം കുറയ്ക്കുന്ന സാങ്കേതികവിദ്യകളും ഉപയോഗിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ, വിശാഖപട്ടണത്തെ പദ്ധതി ഉയർത്തുന്ന ചോദ്യങ്ങൾ അതിലും വലിയൊരു വിഷയത്തിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയ മേഖലകൾ വളരുന്നതിനനുസരിച്ച് ഇന്ത്യയിൽ കൂടുതൽ ഡാറ്റാ സെന്ററുകൾ നിർമിക്കുകയാണ്. ഇത് രാജ്യത്തെ ജലം, വൈദ്യുതി, ഭൂമി, പ്രകൃതി, വന്യജീവി ആവാസവ്യവസ്ഥ എന്നിവയിൽ ഏതൊക്കെ തരത്തിൽ സ്വാധീനം ചെലുത്തുമെന്നതാണ് പ്രധാന ചോദ്യം.

ഡാറ്റാ സെന്റർ

ചുരുക്കി പറഞ്ഞാൽ, നിരവധി കമ്പ്യൂട്ടർ സെർവറുകൾ ഒരുമിച്ച് സ്ഥാപിച്ചിരിക്കുന്ന വലിയ കെട്ടിടമോ സമുച്ചയമോ ആണ് ഡാറ്റാ സെന്റർ. നമ്മൾ ഓൺലൈനിൽ ഒരു സിനിമ കാണുമ്പോഴും, ഡിജിറ്റൽ പേയ്‌മെന്റ് നടത്തുമ്പോഴും, ഫോട്ടോകൾ ഓൺലൈനിൽ സൂക്ഷിക്കുമ്പോഴും, എഐ ചാറ്റ്‌ബോട്ട് ഉപയോഗിക്കുമ്പോഴും അതിന് ആവശ്യമായ വിവരങ്ങൾ ഒരു ഡാറ്റാ സെന്ററിലെ കമ്പ്യൂട്ടറുകൾ പ്രോസസ്ചെയ്യുന്നു. അതായത്, നമ്മൾ ദിവസവും ഉപയോഗിക്കുന്ന നിരവധി ഡിജിറ്റൽ സേവനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയാണ് ഡാറ്റാ സെന്ററുകളെന്ന് വിളിക്കുന്നത്.

ഇന്ത്യയിലെ ഡിജിറ്റൽ വളർച്ചയ്‌ക്കൊപ്പം തന്നെ ഡാറ്റാ സെന്ററുകളുടെ ശേഷി 2025ൽ 1,500 മെഗാവാട്ടായി ഉയർന്നു. 2030ഓടെ ഇത് 4.5–6.5 ജിഗാവാട്ടായി വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. മുംബയ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് ഇവ കൂടുതലും. എന്നാൽ, നിർമ്മിത ബുദ്ധിയുടെ (എഐ) വരവോടെ ഡാറ്റാ സെന്ററുകൾ വലിയ തോതിൽ വൈദ്യുതിയും ജലവും ഉപയോഗിക്കുന്ന വിഭവദാഹികളായി മാറി.

സെർവറുകളും കൂളിംഗ് സംവിധാനങ്ങളും കാരണം വലിയ തോതിൽ വൈദ്യുതി ആവശ്യമായി വരുന്നുണ്ട്. 2031-32 ആകുമ്പോഴേക്കും എഐ ഡാറ്റാ സെന്ററുകൾ മാത്രം 26.3 ജിഗാവാട്ട് അധിക വൈദ്യുതി ലോഡ് സൃഷ്ടിച്ചേക്കാം. വാർഷിക ജല ഉപയോഗം കോടാനുകോടി ലിറ്ററിലെത്തുകയും ചെയ്യും. ഇതിൽ പകുതിയിലധികവും ജലക്ഷാമമുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഡാറ്റാ സെന്ററുകൾക്ക് മാത്രമായിട്ട് ദേശീയ നയങ്ങളോ പരിസ്ഥിതി അനുമതി വ്യവസ്ഥളോ കർശനമായി ബാധകമല്ലെങ്കിലും, നൂതന കൂളിംഗ് സാങ്കേതികവിദ്യകളും പുനരുപയോഗ ഊർജ്ജവും ഉപയോഗിച്ച് ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്,​ ഊർജ്ജ ലഭ്യത, കൂളിംഗ് രീതികൾ എന്നിവ കൃത്യമായി വിലയിരുത്തിയാൽ മാത്രമേ ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പ് സുസ്ഥിരമാകൂ.


Business ⏭️

Back to top button