CINEMA

‘സഞ്ജുവിനേക്കാൾ കൂടുതൽ സമയം ഞാൻ ബാറ്റ് ചെയ്തു, മുഖമൊക്കെ ചുവന്നു;​ കൂടെ അഭിനയിച്ചവർക്ക് അസൂയ തോന്നി’


ആന്റണി വർഗീസ് പെപ്പെ

ദുൽഖർ സൽമാൻ നായകനായ ‘ഐ ആം ഗെയിം’ ചിത്രത്തിനായി ക്രിക്കറ്റ് കളിക്കാനിറങ്ങിയപ്പോൾ ഇത്രയും നേരം ബാറ്റ് ചെയ്യേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് നടൻ ആന്റണി വർഗീസ് പെപ്പെ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ‘ഐ ആം ഗെയിം’ ചിത്രത്തിലെ ക്രിക്കറ്റ് ഷൂട്ടിന്റെ അനുഭവങ്ങൾ ആന്റണി വർഗീസ് പങ്കുവച്ചത്. സിനിമയിൽ വിക്കി എന്ന ക്രിക്കറ്ററുടെ വേഷമായിരുന്നു താരം അവതരിപ്പിച്ചത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കളിച്ചിട്ടുള്ള പരിചയം പെപ്പെയ്ക്കുണ്ട്. എന്നാൽ സിനിമയിൽ ക്രിക്കറ്ററുടെ വേഷം ചെയ്യാനുള്ള അവസരം ലഭിച്ചപ്പോൾ അത് അപ്രതീക്ഷിതമായിരുന്നുവെന്ന് പെപ്പെ പറയുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഷൂട്ടിങ്ങിനിടയിലെ ബാറ്റിംഗ് അനുഭവമാണ് പെപ്പെയുടെ വാക്കുകളിൽ ഏറെ ശ്രദ്ധേയമായത്. ഒരു ദിവസം ഉച്ചയ്ക്ക് ആരംഭിച്ച ബാറ്റിംഗ് അടുത്ത ദിവസം പുലർച്ചെ രണ്ടുമണി വരെ നീണ്ടുവെന്നും താരം പറയുന്നു.

‘സിനിമയുടെ വലിയൊരു ഭാഗം സ്റ്റേഡിയത്തിലാണ് ചിത്രീകരിച്ചത്. കാര്യവട്ടം സ്റ്റേഡിയത്തിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്തതിനേക്കാൾ കൂടുതൽ സമയം ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. സത്യമാണ് പറയുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ ബാറ്റിങ് അടുത്ത ദിവസം പുലർച്ചെ രണ്ട് മണി വരെ തുടർന്നു,’ പെപ്പെ പറഞ്ഞു. തുടർച്ചയായ ബാറ്റിംഗിനിടെ ശാരീരികമായി തളർന്നതിനെക്കുറിച്ചും താരം ഓർത്തെടുത്തു.

‘അവസാനമായപ്പോഴേക്കും മുഖമൊക്കെ ചുവന്നിരുന്നു. ഇനിയും ഷൂട്ട് തുടർന്നാൽ പ്രശ്നമാകുമെന്ന് മനസിലായതോടെ ജിംഷി ചേട്ടനാണ് നിർത്താൻ പറഞ്ഞത്. ഇനിയും നിന്നാൽ അവന്റെ കൈയിൽനിന്ന് ബാറ്റ് താഴെ വീഴുമെന്ന് പറഞ്ഞതോടെ പാക്കപ്പ് ചെയ്തു,’ പെപ്പെ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതിൽ സഹതാരങ്ങൾക്കും അസൂയ തോന്നിയിരുന്നുവെന്ന് പെപ്പെ തമാശ രൂപേണ പറഞ്ഞു.

‘അന്ന് എന്റെ കൂടെ അഭിനയിച്ചവർക്ക് എന്നോട് അസൂയ തോന്നിയിരുന്നു. സ്റ്റേഡിയത്തിൽ ബാറ്റ് ചെയ്യാൻ സാധിക്കുക വലിയ കാര്യമല്ലേ. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ എന്റെ അവസ്ഥ ആർക്കെങ്കിലും വേണമെങ്കിൽ വന്ന് ബാറ്റ് ചെയ്‌തോളൂ എന്നതായിരുന്നു. അത്രത്തോളം മടുത്തു,’ താരം കൂട്ടിച്ചേർത്തു.

English Summary

Actor Antony Varghese (Pepe) recounted his challenging experience filming ‘I Am Game,’ where he portrayed a cricketer. He detailed a demanding batting sequence at Karyavattom Greenfield Stadium that lasted from one afternoon until 2 AM the next day. Pepe humorously noted he batted longer than Sanju Samson at the stadium for the shoot, leading to significant physical exhaustion on set.
RELATED TOPICS: IAM GANME, LATESTNEWS, ANTONY VARGHESE PAPE, CINEMANEWS, SANJU SAMSON


Business ⏭️

Back to top button