BUSINESS
സുഗന്ധവ്യഞ്ജന സംരംഭങ്ങൾക്ക് കരുത്തേകാൻ ധാരണാപത്രം; കൈകോർത്ത് സ്പൈസസ് ബോർഡും അഗ്വെഞ്ചറും

സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാനായി സ്പൈസസ് ബോർഡും ഐസിഎആർ – ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനമാസ്ഥാനമായ അഗ്വെഞ്ചർ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സ്പൈസസ് ബോർഡിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ആസ്പയർ സ്കീമിന്റെ ഇൻകുബേഷൻ സെന്ററായി ഇനി അഗ്വെഞ്ചർ ടിബിഐ പ്രവർത്തിക്കും. കൊച്ചി സ്പൈസസ് ബോർഡ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബോർഡ് സെക്രട്ടറി എം.എസ്. മണിവണ്ണൻ, അഗ്വെഞ്ച്വർ ടിബിഐ സെക്രട്ടറി ഡോ.വി.കെ.സജേഷ് എന്നിവർ ധാരണാപത്രം കൈമാറി.ഐഐഎസ്ആർ ഡയറക്ടർ ഡോ.ആർ.ദിനേശ്, നിഫ്ടെം-തഞ്ചാവൂർ ഡയറക്ടർ പ്രൊഫ.വി.പളനിമുത്തു, ഐഐടി പാലക്കാട് ഇൻകുബേഷൻ സെന്റർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.മിധു, സ്പൈസസ് ബോർഡ് മാർക്കറ്റിങ് ഡയറക്ടർ ബി.എൻ.ഝാ, അസിസ്റ്റന്റ് ഡയറക്ടർ വി.വിജീഷ്ണ, കെ.എൽ.സനോജ് എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ഗവേഷണ പിന്തുണ, സാങ്കേതികവിദ്യ കൈമാറ്റം, ഉൽപന്ന വികസനം, ഇൻകുബേഷൻ, ബിസിനസ് മെന്ററിങ് എന്നിവ ഉറപ്പാക്കാനും ധനസഹായം ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകാനുമാണ് ധാരണാപത്രം. ധാരണാപത്രപ്രകാരം രൂപീകരിക്കുന്ന സ്പൈസസ് ഇൻകുബേഷൻ സെന്റർ വഴി കയറ്റുമതിക്കായി മൂല്യവർധിത സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കയറ്റുമതിക്കാർ, കർഷക ഉൽപ്പാദക സംഘടനകൾ എന്നിവർക്ക് സമഗ്ര പിന്തുണ ലഭ്യമാക്കും.
Travel ⏭️


