NEWS

എക്സ്ക്ലൂസീവ് ചിത്രങ്ങൾക്കായി ‘മല്ലു പ്രീമിയം ഗ്രൂപ്പ്’; പ്രവേശന ഫീസ് 250 രൂപ: ‘മോർഫിങ്’ കേസിൽ സാമ്പത്തിക നേട്ടത്തിന്റെ തെളിവുകൾ പുറത്ത്


കൊച്ചി∙ നാടിനെ നടുക്കിയ തൃക്കാക്കര മോർഫിങ് കേസിൽ പ്രമോഷൻ ഗ്രൂപ്പുകളും പ്രീമിയം ഗ്രൂപ്പുകളും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ തൃക്കാക്കര കോളേജ് വിദ്യാർഥി എസ്.ശ്രീഹരി നിർമിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ രണ്ടാം പ്രതി സനീഷ് ഉപയോഗിച്ചത് 1500 പേരുള്ള ടെലഗ്രാം ഗ്രൂപ്പ്. ഈ ഗ്രൂപ്പ് പ്രമോഷനായി ഉപയോഗിക്കുന്നതു വഴി ആളുകളെ ആകർഷിച്ച് ‘പ്രീമിയം ഗ്രൂപ്പിൽ’ അംഗങ്ങളാക്കുകയായിരുന്നു ഇവരുടെ രീതി. പ്രീമിയം ഗ്രൂപ്പിൽ ചേർന്നാൽ കൂടുതൽ ‘എക്സ്ക്ലൂസീവാ’യ ചിത്രങ്ങളും ദൃശ്യങ്ങളും നൽകാമെന്നായിരുന്നു വാഗ്ദാനം.ഇതിനായി ‘മല്ലു പ്രീമിയം ഗ്രൂപ്പ്’ എന്ന പേരിൽ ഇവർ ഉണ്ടാക്കിയ പ്രത്യേക ടെലഗ്രാം ഗ്രൂപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രീമിയം ഗ്രൂപ്പിലേക്ക് ഒറ്റത്തവണ പ്രവേശന ഫീസായി 250 രൂപ വീതമാണ് ആളുകളിൽനിന്ന് ഈടാക്കിയിരുന്നത്. ഇതിനായി സനീഷ് തന്റെ ക്യുആർ കോഡ് അയച്ചുകൊടുത്തതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. ഇതുവരെ 12 പേർ പണം നൽകി ഈ ഗ്രൂപ്പിൽ അംഗമായിട്ടുണ്ടെന്നും ഇവരിലേക്കും അന്വേഷണം നീളുമെന്നും അന്വേഷണവൃത്തങ്ങൾ പറഞ്ഞു. ഇവർ ഈ ചിത്രങ്ങൾ സാമ്പത്തികലാഭം ലക്ഷ്യമാക്കി വിൽക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നാണു പരിശോധന. മലപ്പുറം സ്വദേശിയായ ഒരു യുവാവ് ഉൾപ്പെടെ പൊലീസിന്റെ നിരീക്ഷണത്തിലാണ്.


Fashion ⏭️

Back to top button