BUSINESS

ഇന്ത്യയുടെ സമ്പത്തിൽ 14 ലക്ഷം കോടി തുരുമ്പെടുത്തെന്ന് റിപ്പോർട്ട്; ജിഡിപിയുടെ 4.3% പോയി, വാഹനങ്ങളുടെ 90,000 കോടിയും ‘തിന്നു’


ഓരോ വർഷവും ‘തുരുമ്പെടുത്ത്’ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് 14 ലക്ഷം കോടി രൂപയുടെ സമ്പത്ത്. ജിഡിപിയുടെ ഏതാണ്ട് 4.3% വരുമിതെന്ന് ജാപ്പനീസ് ഗവേഷണ സ്ഥാപനമായ നൊമൂറയുടെ റിപ്പോർട്ട് വ്യക്തമാക്കി. ലോഹഭാഗങ്ങളിലുണ്ടാകുന്ന തുരുമ്പ് രാജ്യത്തിന്റെ പാലങ്ങൾ, തുറമുഖങ്ങൾ, ഫാക്ടറികൾ എന്നിവ പതിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. ഇതിനെ നേരിടാൻ അറ്റകുറ്റപ്പണികൾക്കായി കോടികൾ ചെലവാക്കേണ്ടി വരുന്നു. തുരുമ്പെടുക്കുന്നതു തടയാൻ മികച്ച സംരക്ഷണ പദ്ധതികൾ നടപ്പാക്കിയാ‍ൽ ജിഡിപിയിൽ‍ 1.5 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.തുരുമ്പാക്രമണം മൂലം  പൊതുജനങ്ങളുടെ സുരക്ഷയും ഭീഷണിയിലാകുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയെ തുരുമ്പിൽ നിന്ന് സംരക്ഷിക്കാനുള്ള പദ്ധതികൾ കുറവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ മാതൃകയാക്കണമെന്ന് റിപ്പോർട്ടിൽ ഉപദേശവുമുണ്ട്.ഈ രാജ്യങ്ങളിൽ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നത്. എന്നാൽ ഇന്ത്യയിൽ എല്ലായിടത്തും കാലാവസ്ഥ നോക്കാതെ ഒരേ സംരക്ഷണ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ മാറ്റം വേണം, പ്രത്യേകിച്ച് മൺസൂൺ പോലുള്ള സാഹചര്യങ്ങളിൽ. തുരുമ്പെടുക്കൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കുന്നത് വൈദ്യുതി നിർമാണ വിതരണ മേഖലയിലാണ്. 53,860 കോടി രൂപയാണ് ഈ മേഖലയിലെ വാർഷിക നഷ്ടം. ടെലികമ്യൂണിക്കേഷൻസ് (38,320 കോടി രൂപ), വാഹനമേഖല (87,098 കോടി), അടിസ്ഥാന സൗകര്യം (1.41 ലക്ഷം കോടി), റെയിൽവേ (23,788 കോടി) തുടങ്ങിയ മേഖലകൾ തൊട്ടുപിന്നാലെയുണ്ട്.


Travel ⏭️

Back to top button