BUSINESS
ഇന്ത്യൻ കോഫിഹൗസുകളിലെ 600 ഒഴിവുകളിലേക്ക് നിയമനം, 10 വർഷമായി നൽകാതിരുന്ന അനുമതി ഉടൻ

കൊച്ചി∙ തൃശൂരിനു തെക്കോട്ട് ഇന്ത്യ കോഫിബോർഡ് സഹകരണ സൊസൈറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസുകളിൽ 600 തൊഴിൽ അവസരങ്ങൾ ഒരുങ്ങുന്നു. കഴിഞ്ഞ സർക്കാർ 10 വർഷമായി നൽകാതിരുന്ന നിയമന അനുമതി ഉടനെ ലഭിക്കും. സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് അപേക്ഷ നൽകിയതിനെത്തുടർന്നാണിത്.കേരളത്തിൽ കണ്ണൂർ ആസ്ഥാനമായും തൃശൂർ ആസ്ഥാനമായും 2 കോഫിബോർഡ് സൊസൈറ്റികളാണുള്ളത്. കണ്ണൂർ സൊസൈറ്റി സിഐടിയുവിന്റെ കീഴിലാണ്. എല്ലാ പാർട്ടിക്കാരും അംഗങ്ങളായ തൃശൂർ സൊസൈറ്റി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭരണസമിതി പിരിച്ചുവിട്ട് ബലമായി പിടിച്ചെടുത്തപ്പോൾ ഹൈക്കോടതി ഉത്തരവ് എതിരാവുകയും പഴയ ഭരണസമിതി തിരികെ വരികയും ചെയ്തു. പ്രതികാര നടപടിയായാണ് മുൻ സർക്കാർ നിയമന അനുമതി നൽകാതിരുന്നത്.അതോടെ വിരമിക്കുന്ന ജീവനക്കാർക്കു പകരം ആളില്ലാതായി. കോഫിഹൗസുകൾ പൂട്ടേണ്ടി വന്നതു മൂലം തെക്കൻ ജില്ലകളിലെ എണ്ണം 45 ആയി കുറഞ്ഞു. 2300 ജീവനക്കാരിൽ നിന്ന് 1251 പേരായി. അതിഥിത്തൊഴിലാളികളെ ജോലിക്കു വയ്ക്കാത്ത കോഫി ഹൗസുകളിൽ മലയാളികൾ മാത്രമാണു ദിവസക്കൂലിക്കു പോലും. ഓരോ ബ്രാഞ്ചിലും എത്ര ഒഴിവുണ്ടെന്നു കാട്ടിയാണ് വ്യവസായ വകുപ്പിന് അപേക്ഷ നൽകിയത്. അതനുസരിച്ച് 350 പേരെ അടിയന്തരമായി നിയമിക്കണം. കൊച്ചി വിമാനത്താവളം ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നു കോഫിഹൗസ് തുറക്കാൻ ആവശ്യം ഉയരുന്നുണ്ട്. അവിടങ്ങളിൽ മറ്റൊരു 250 ഒഴിവുകൾ കൂടി വരും. എംഎൽഎ ഹോസ്റ്റലിൽ പൂട്ടിപ്പോയ കന്റീൻ തുറക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Travel ⏭️


