NEWS
40 മീറ്ററിനുള്ളിൽ ദേശീയപാതയോരത്തെ നിർമാണം വിലക്കി സുപ്രീംകോടതി ഉത്തരവ്; കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു

ആലപ്പുഴ ∙ ദേശീയപാതയിൽ നിന്ന് ഇരുവശത്തേക്കും നിശ്ചിത ദൂരത്തിൽ സ്ഥലം ഒഴിച്ചിടണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ തദ്ദേശ വകുപ്പ് ദേശീയപാതയോരത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. നിർമാണ അനുമതി ലഭിച്ചതും നിർമാണം പൂർത്തിയാകാത്തതുമായ കെട്ടിടങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഉത്തരവ് കർശനമാക്കിയാൽ ഈ കെട്ടിടങ്ങൾക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റും കെട്ടിട നമ്പറും കിട്ടാൻ സാധ്യത കുറയും. വിധിയിൽ ഇളവ് നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. കേരളം സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകളും 75 മീറ്റർ പരിധിയിൽ വാണിജ്യ സ്ഥാപനങ്ങളും നിർമിക്കരുതെന്നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്. 45 മീറ്ററിലാണ് കേരളത്തിൽ ദേശീയപാത 66 വികസിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും 60 മീറ്റർ വീതിയിലാണ് നിർമാണമെങ്കിലും കേരളത്തിൽ ജനസാന്ദ്രത കൂടുതലുണ്ടെന്നത് കണക്കിലെടുത്താണ് 45 മീറ്ററിലേക്കു ചുരുക്കിയത്.
Fashion ⏭️


