SPORTS

കയറിപ്പോ… ആദ്യ പന്ത് സിക്സർ തൂക്കിയ ഇന്ത്യൻ താരത്തോട് പാക്കിസ്ഥാൻ ക്യാപ്റ്റന്‍, ‘ആറ്റിറ്റ്യൂഡിന്’ വൻ വിമർശനം- വിഡിയോ


ദുബായ്∙വനിതാ ഏഷ്യാകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 55 റൺസിന് ഓൾഔട്ടായിട്ടും, ‘ആറ്റിറ്റ്യൂ‍ഡ്’ വിടാതെ പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന. മറുപടി ബാറ്റിങ്ങിൽ പാക്ക് ബോളർ സാദിയ ഇക്ബാലിന്റെ ആദ്യ പന്തു തന്നെ സിക്സർ പറത്തിയാണ് ഓപ്പണർ ഷെഫാലി വർമ ചേസിങ്ങിനു തുടക്കമിട്ടത്. ട്വന്റി20 വനിതാ ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിലേക്കും പാക്കിസ്ഥാനെതിരായ ബാറ്റിങ്ങിലൂടെ ഷെഫാലി എത്തിയിരുന്നു. 22 വയസ്സും 220 ദിവസവുമാണ് ഷെഫാലിയുടെ പ്രായം. 12 റൺസെടുത്ത ഇന്ത്യൻ താരത്തെ പുറത്താക്കിയപ്പോൾ വൻ  ആഘോഷ പ്രകടനമാണ് പാക്ക് ക്യാപ്റ്റൻ നടത്തിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, നേരിട്ട ആദ്യ പന്തുതന്നെ സിക്സറിനു പറത്തിയ ഷെഫാലി വർമ (6 പന്തിൽ 12) മിന്നും തുടക്കമാണ് നൽകിയത്. ഇതോടെ പവർപ്ലേയിൽ തന്നെ ഇന്ത്യ ലക്ഷ്യം കാണുമെന്നു തോന്നിച്ചു. എന്നാൽ രണ്ടാം ഓവറിൽ ഷെഫാലിയെയും പ്രതിക റാവലിനെയും (4) പുറത്താക്കിയ പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന ഇന്ത്യയെ അൽപമൊന്നു സമ്മർദത്തിലാക്കി. തന്റെ രണ്ടാം ഓവറിൽ സ്മൃതി മന്ഥനയെയും (9) വീഴ്ത്തിയ ഫാത്തിമ അത്ര എളുപ്പം തോൽക്കാൻ തങ്ങൾ തയാറല്ലെന്നു പ്രഖ്യാപിച്ചു. ഇതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (18 നോട്ടൗട്ട്)– ദീപ്തി ശർമ (12 നോട്ടൗട്ട്) സഖ്യമാണ് മറ്റു പരുക്കുകളില്ലാതെ ലക്ഷ്യത്തിൽ എത്തിച്ചത്.


Auto ⏭️

Back to top button