‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

കൊച്ചി: മിനി കൂപ്പർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നറിയിച്ച് ഒന്നാംപ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രതികരണം. ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമ കൂടിയാണ് നൂഹാ. ഇപ്പോഴിതാ നൂഹക്കെതിരെ വിമർശനമുയർത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
ഈ കണ്ണീര് നമ്മൾ കാണണം
കണ്ടിട്ടും കണ്ടില്ല എന്ന നടിക്കരുത്
ആ കണ്ണീര് നമ്മുടെ ഉള്ളുലക്കണം?
കണ്ട ബാറിൽ മുഴുവൻ കയറി പള്ള നിറയെ കുടിച്ച് റോക്കറ്റ് വേഗതയിൽ മക്കൾ ഊരു ചുറ്റുന്ന കഥ അറിയാതെ പോകുന്ന അമ്മമാർ നാളെക്കായി കരുതിവയ്ക്കേണ്ട കണ്ണീരാണിത്?
വിജയകരമായി 18 വയസുവരെ ജീവിച്ചതിന് മിനി കൂപ്പർ സമ്മാനമായി നൽകുമ്പോൾ ഈ മകൻ ഇങ്ങനെ ഒരു മദ്യപാനിയാണ് എന്ന് ആ അമ്മ അറിഞ്ഞിരുന്നില്ല!!!!!
അറിഞ്ഞിരുന്നെങ്കിൽ
അതിനു കൂടി കൊടുത്ത സമ്മാനമായിരുന്നു മിനി കൂപ്പർ!!
അനുവദി’ക്കപ്പെട്ടതിന്റെ
അഞ്ചിരട്ടി മദ്യവും അനുവദിക്കപ്പെട്ടതിന്റെ
ഇരട്ടിയിലധികം സ്പീഡുമായി
മക്കൾ കണ്ടവരുടെ ജീവിതം തകർത്തെറിഞ്ഞിട്ട്
ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല!
മക്കൾ മദ്യപിക്കുമ്പോൾ
നിയമലംഘനം നടത്തുമ്പോൾ
സാമം ദാനം ഭേദം ദണ്ഡം
ഒന്നും ഫലിക്കുന്നില്ല എങ്കിൽ
സ്നേഹത്തോടെ അവരുടെ മുന്നിൽ ഒരിത്തിരി കണ്ണീരൊഴുക്കിയെങ്കിലും അവരെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കാത്തവർക്ക് മാതാവ് എന്ന് അവകാശപ്പെടാൻ കഴിയുമോ?
മക്കൾക്ക് വേണ്ടതെല്ലാം വാങ്ങി കൊടുക്കുന്നത് മാത്രമല്ല പാരന്റിംഗ്
എന്ന് മനസിലാക്കാത്ത അമ്മമാരുടെ പ്രതിനിധിയാണിവർ!
ചിലപ്പോൾ ചില പ്രത്യേക സ്വഭാവമുള്ള മക്കളെ ഒരുതരത്തിലും നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞു എന്ന് വരില്ല!
അത്തരം സന്ദർഭങ്ങളിൽ അവരെ ചികിത്സിക്കാൻ എങ്കിലും ഉള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്ക് ഇല്ലേ?
ലഹരി വിമുക്ത കേന്ദ്രത്തിലെങ്കിലും
ഈ മകനെ എത്തിക്കാത്തത് മാതാപിതാക്കൾ അവരവരോടും ആ കുട്ടിയോടും സമൂഹത്തോടും ചെയ്ത ചതിയാണ്!
ഹായ് ഗയ്സ് !!
അല്ലെങ്കിൽ സുഹൃത്തുക്കളെ എന്നൊക്കെ പറഞ്ഞു ഇവരൊക്കെ ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയത്തിൽ ഇവർ ജീവിതം മറക്കുന്നു എന്നതാണ് സത്യം




