BUSINESS
മുക്കുപണ്ടത്തിൽ പ്രമുഖ ജ്വല്ലറികളുടെ വ്യാജ ലോഗോ പതിപ്പിച്ച് തട്ടിപ്പിന് ശ്രമം; പുറത്തറിഞ്ഞത് പണയംവയ്ക്കാൻ വന്നപ്പോൾ, കേസെടുത്ത് പൊലീസ്

കോഴിക്കോട് ∙ പ്രമുഖ ജ്വല്ലറികളുടെ സ്വർണാഭരണങ്ങളിലെ എച്ച്‌യുഐഡിയും (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ) ലോഗോയും മുക്കുപണ്ടങ്ങളിൽ പതിപ്പിച്ചു തട്ടിപ്പു നടത്തുന്നതു വ്യാപകമാകുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇതിനകം ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളടക്കം കണ്ണികളായുള്ള സംഘം മറ്റിടങ്ങളിലും സമാനരീതിയിൽ തട്ടിപ്പു നടത്തിയതായാണു സൂചന.താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ, സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചപ്പോഴാണു വ്യാജ ഹാൾമാർക്കിങ് സംബന്ധിച്ച സംശയം ഉയർന്നത്. ധനകാര്യസ്ഥാപനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മലബാർ ഗോൾഡ് അധികൃതർ കോഴിക്കോട് സ്വദേശി എം.നൗഷാദ്, താമരശ്ശേരി സ്വദേശി ഗിരിജ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണു താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 29ന് രാവിലെ 10 മണിയോടെയാണു സംഭവം. പണയം വയ്ക്കാനെത്തിയ സ്ത്രീ ഗിരിജയെന്നാണു പേരു പറഞ്ഞത്. 2 ദിവസം മുൻപു വാങ്ങിയ ആഭരണമാണെന്ന് ഇവർ പറഞ്ഞതോടെയാണു ധനകാര്യ സ്ഥാപന ജീവനക്കാർക്കു സംശയം ജനിച്ചത്. ധനകാര്യ സ്ഥാപന ഉടമ വളകൾ കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയതോടെ, സ്വർണമല്ലെന്നു വ്യക്തമായി. വളകൾ തനിക്കു സമ്മാനമായി കിട്ടിയതാണെന്നായിരുന്നു ഗിരിജയുടെ വിശദീകരണം. തട്ടിപ്പു പുറത്തായെന്നു വ്യക്തമായതോടെ, ഗിരിജ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.മലബാർ ഗോൾഡിന്റെ കോഴിക്കോട്ടെ ഷോറൂമിൽ നിന്ന് നൗഷാദ് ഈമാസം 28ന് 3 സ്വർണ വളകൾ വാങ്ങിയിരുന്നു. ഇതിൽ ഒന്നിലെ എച്ച്‌യുഐഡിയും ലോഗോയും പതിപ്പിച്ച മുക്കുപണ്ടത്തിന്റെ ഒരു വളയും ലോഗോ പതിപ്പിച്ച മുക്കുപണ്ടത്തിന്റെ 2 വളകളുമാണു ഗിരിജ പണയം വയ്ക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിൽപെട്ട സബീർ എന്നയാൾ കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി പറഞ്ഞു.വ്യാജ ഹാൾമാർക്ക്: ബിഐഎസ് അന്വേഷിക്കണമെന്ന് കെജിഎസ്എംഎകൊച്ചി∙ വ്യാജ സ്വർണാഭരണങ്ങളിൽ വ്യാജ ഹാൾമാർക്ക് മുദ്ര (എച്ച്‌യുഐഡി) പതിപ്പിച്ച് വിപണിയിൽ എത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ).
Travel ⏭️


