BUSINESS

യുദ്ധം; വിലക്കയറ്റം, കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ കമ്പനിയിൽ കടുത്ത പ്രതിസന്ധി, ഉൽപാദനം വെട്ടിക്കുറച്ചു, നഷ്ടം മേലോട്ട്


കളമശേരി ∙ യുദ്ധവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും  ലഭ്യതക്കുറവുമടക്കമുള്ള പ്രതികൂല സാഹചര്യം കേന്ദ്ര പൊതുമേഖലാ സ്ഥാപനവും വളം നിർമാണക്കമ്പനിയുമായ ഫാക്ടിനെ കടുത്ത പ്രതിസന്ധിയിലാക്കി. ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ കോംപ്ലക്സിൽ ഫാക്ടംഫോസ് ഉൽപാദനം നിർത്തിവച്ചു.കൊച്ചിൻ ഡിവിഷനിൽ ഫാക്ടംഫോസ് ഉൽപാദനം പകുതിയാക്കി. അമോണിയം സൾഫേറ്റിന്റെ ഉൽപാദനം ഇന്നോ നാളെയോ നിർത്തിവയ്ക്കുമെന്നാണു സൂചന. അമോണിയ പ്ലാന്റിന്റെ ഉൽപാദനത്തിലും 30 ശതമാനത്തോളം കുറവു വരുത്തി. ഈയിടെ ഉൽപാദനം ആരംഭിച്ച ഡൈ അമോണിയം സൾഫേറ്റ് (‍ഡിഎപി) ഉൽപാദനവും നിർത്തിവച്ചു. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിനു ഫാക്ടിലെ ഉദ്യോഗസ്ഥർ തയാറായില്ല.വളത്തിന് ഏറെ ഡിമാൻഡുള്ള ഈ സമയത്ത് നേരിടുന്ന ഈ പ്രതിസന്ധി ഫാക്ടിനെ കനത്ത നഷ്ടത്തിലേക്ക് എത്തിക്കും. കഴി‍ഞ്ഞ സാമ്പത്തിക വർഷം 39.6 കോടി രൂപയാണ് ഫാക്ടിന്റെ നഷ്ടം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ നഷ്ടം 100 കോടി രൂപയായെന്നു വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.എൽഎൻജിയുടെയും സൾഫറിന്റെയും വിലവർധന ഫാക്ടിനു താങ്ങാനാവുന്നില്ല. ഫാക്ട് ഉൽപാദിപ്പിച്ച 8,000 ടണ്ണോളം അമോണിയം സൾഫേറ്റ് വിപണിയിലെത്തിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. 2024 ഏപ്രിൽ മുതൽ കാപ്രോലാക്ടത്തിന്റെ ഉൽപാദനം ഇല്ല. ഉൽപാദനച്ചെലവ് പതിന്മടങ്ങ് വർധിക്കുന്ന സാഹചര്യം നേരിടുന്നതിനു പര്യാപ്തമായ സബ്സിഡിയാണ് ലഭിക്കേണ്ടത്. എന്നാൽ സബ്സിഡിയിൽ പരിവർത്തനം വരുത്താൻ കേന്ദ്രം തയാറായിട്ടുമില്ല. ഫാക്ടിന്റെ ഓഹരികൾ ഇന്ന് ഉച്ചയ്ക്കുശേഷമുള്ള സെഷനിലേക്ക് കടന്നപ്പോൾ എൻഎസ്ഇയിൽ 0.85% ഉയർന്ന് 857.35 രൂപയിലാണുള്ളത്. 55,486 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് ഫാക്ട്.(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Back to top button