HEALTH

അണ്ഡം ശീതികരിക്കുക എളുപ്പല്ല, ഒരു ഘട്ടത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഗർഭിണിയെപ്പോലെ തോന്നി


കരിയറിന്റെ ഏറ്റവും സുവർണ്ണകാലഘട്ടത്തിലൂടെയാണ് ബോളിവുഡ് താരം കൃതി സനോൺ കടന്നുപോകുന്നത്. എന്നാൽ കരിയറിൽ എത്രയൊക്കെ വിജയങ്ങൾ കൈവരിച്ചാലും, സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന സ്ഥിരംചോദ്യങ്ങളിൽ നിന്ന് കൃതിക്കും രക്ഷയില്ല. ഒരു നിശ്ചിതപ്രായം കഴിഞ്ഞാൽ സ്ത്രീകളിലെ ‘ബയോളജിക്കൽ ക്ലോക്ക്’ (Biological Clock) നിലയ്ക്കും, അതിന് മുൻപേ വിവാഹം, പ്രസവം എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകണമത്രെ.ഇപ്പോഴിതാ, അത്തരത്തിൽ തന്റെ വ്യക്തിപരമായ ഒരു തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 35-കാരിയായ കൃതി സനോൺ. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ സ്ഥാപക കരിഷ്മ മേഹ്തയുമായുള്ള അഭിമുഖത്തിലാണ്, താൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്റെ അണ്ഡങ്ങൾ ശീതികരിച്ച (Egg Freezing) വിവരം കൃതി തുറന്നുപറഞ്ഞത്. “നമുക്ക് ഒരൊറ്റ ജീവിതമേയുള്ളൂ. അത് നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിച്ചു തീർക്കണം. നമ്മുടെ കഥ എഴുതേണ്ടത് നമ്മൾ തന്നെയാണ്, മറ്റാരുമല്ല,” കൃതി പറയുന്നു.എന്തുകൊണ്ട് അണ്ഡം ശീതികരിച്ചു? സ്ത്രീകളിൽ പ്രായം കൂടുംതോറും ഗർഭധാരണത്തിനുള്ള സാധ്യതകൾ കുറയുകയും സങ്കീർണ്ണതകൾ കൂടുകയും ചെയ്യുമെന്നത് യാഥാർത്ഥ്യമാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് കൃതി മറുപടി നൽകിയത്: “സത്യം പറഞ്ഞാൽ, ഞാൻ എന്റെ അണ്ഡം ഫ്രീസ് ചെയ്തു വെച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഈ ചോദ്യങ്ങൾ എന്നെയും അലട്ടിയിരുന്നു. പ്രായത്തിന്റെ ടൈംലൈൻ നോക്കി, ഇപ്പോൾ കല്യാണം കഴിക്കണം അല്ലെങ്കിൽ ഇപ്പോൾ കുട്ടികൾ വേണം എന്ന സമ്മർദ്ദത്തിന് അടിപ്പെടാൻ ഞാൻ ആഗ്രഹിച്ചില്ല. വിവാഹമായാലും കുട്ടികളായാലും നമ്മുക്ക് ആഗ്രഹം തോന്നുമ്പോൾ മാത്രമേ ചെയ്യാവൂ. അല്ലാതെ പ്രായത്തിന്റെയോ സമൂഹത്തിന്റെയോ സമ്മർദ്ദം കൊണ്ടാവരുത്. എല്ലാവർക്കും ഇതിനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാകണമെന്നില്ല, എനിക്ക് അതിന് സാധിച്ചു, അത് ചെയ്തു,” കൃതി വ്യക്തമാക്കി.മിമി വാടകഗർഭധാരണത്തെക്കുറിച്ചുള്ള ‘മിമി’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കൃതിയുടെ ഈ തീരുമാനം. ചിത്രത്തിലെ കഥാപാത്രത്തിനായി കൃതിക്ക് 15 കിലോയോളം ഭാരം കൂട്ടേണ്ടി വന്നിരുന്നു. “മിമിക്ക് വേണ്ടി തടി കൂട്ടുന്ന സമയത്താണ് ഞാൻ വളരെ ബുദ്ധിപൂർവ്വം ഇത് ചെയ്തത്. ആ സമയത്ത് എനിക്ക് രണ്ട് മാസം ഷൂട്ടിങ് ഇല്ലായിരുന്നു. ഭാരം കൂട്ടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. വാടകഗർഭധാരണത്തെക്കുറിച്ചുള്ള സിനിമ കൂടിയായതിനാൽ, ഇതാണ് അതിന് അനുയോജ്യമായ സമയം എന്ന് എനിക്ക് തോന്നി,” കൃതി ഓർത്തെടുത്തു.വെല്ലുവിളികൾ ആ പ്രക്രിയ അത്ര എളുപ്പമല്ലെന്നും അത് സാമ്പത്തികമായും ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും കൃതി പറയുന്നു. “ഒരു ഘട്ടത്തിൽ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഏതാണ്ട് ഒരു ഗർഭിണിയെപ്പോലെയാണ് എനിക്ക് തോന്നിയത്. അമിതമായ മൂഡ് സ്വിങ്സ് ഉണ്ടായിരുന്നു. എങ്കിലും ഞാനിത് ചെയ്തു. എന്റെ തലയ്ക്കുള്ളിൽ ഒരു ‘ബയോളജിക്കൽ ക്ലോക്ക്’ ഓടിക്കൊണ്ടിരിക്കാൻ ആഗ്രഹിക്കുന്നില്ല. ഇതൊരു സുരക്ഷാവലയമാണ് (Safety Net). പ്രക്രിയ കഠിനമാണെങ്കിലും അതിന്റെ ഫലം മൂല്യമുള്ളതാണ്,” കൃതി കൂട്ടിച്ചേർത്തു.എന്താണ് Egg Freezing? ഡോക്ടർമാർ ഏകദേശം 10-12 ദിവസത്തേക്ക് ഹോർമോൺ ഇൻജെക്ഷനുകൾ നൽകി സ്ത്രീകളിൽ കൂടുതൽ അണ്ഡങ്ങൾ ഉത്പാദിപ്പിച്ചശേഷം, രോഗിയെ മയക്കി (Sedation) വെറും 15-20 മിനിറ്റ് നീളുന്ന ചെറിയൊരു പ്രക്രിയയിലൂടെ അണ്ഡങ്ങൾ പുറത്തെടുക്കുന്നു. ശേഖരിച്ച അണ്ഡങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് അവ ലബോറട്ടറിയിൽ ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും ഗർഭം ധരിക്കാൻ ആഗ്രഹിക്കുമ്പോൾ, ഈ അണ്ഡങ്ങൾ പുറത്തെടുത്ത് പങ്കാളിയുടെ ബീജവുമായി കൂട്ടിച്ചേർത്ത് (IVF വഴി) ഭ്രൂണമുണ്ടാക്കി ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഭാവിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ പോലും, പ്രായമാകുന്നതിലൂടെയുള്ള വന്ധ്യതാ ഭയം ഒഴിവാക്കാൻ ഈ സാങ്കേതികവിദ്യ സ്ത്രീകളെ സഹായിക്കുന്നു.


Source link

Back to top button