BUSINESS

കേന്ദ്രത്തിന്റെ ‘എഥനോൾ’ ഇനി അടുക്കളയിലും; പുതിയ ‘ഗ്യാസ്’ വരുന്നു, എടുത്താൽ സബ്സിഡിയും, എൽപിജി പടിക്ക് പുറത്തേക്ക്?


പെട്രോളിൽ എഥനോൾ കലർത്തുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. പെട്രോൾ പമ്പുകൾക്ക് പുറമെ അടുക്കളകളിലേക്കും എഥനോൾ ഉപയോഗം വ്യാപിപ്പിക്കാനാണ് നീക്കം. എൽപിജിക്കൊപ്പം എഥനോളിനെ കൂടി പാചക വാതകമാക്കി ഉപയോഗിക്കാവുന്ന തരത്തിൽ നയരൂപീകരണത്തിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുക്കം തുടങ്ങി. വരുന്ന സെപ്റ്റംബറോടെ ഇതുസംബന്ധിച്ച നയം പുറത്തിറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സബ്സിഡിയും ആദ്യഘട്ടത്തിൽ നൽകിയേക്കും. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സാമ്പത്തിക സഹായം നൽകാനും ആലോചനയുണ്ടെന്നാണ് വിവരം. ഇതിനൊപ്പം ഉപഭോക്താക്കൾക്ക് കന്നാസുകളിൽ എഥനോൾ വാങ്ങാൻ കഴിയുന്ന എഥനോൾ എടിഎമ്മുകളും തുടങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്.ഇന്ത്യയ്ക്ക് ആവശ്യമായ എൽപിജിയുടെ 90 ശതമാനം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചക വാതക വരവ് നിലച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയും ബുക്കിങ് ഇടവേള കൂട്ടിയുമാണ് കേന്ദ്രം ഇതിനെ നേരിട്ടത്. തുടർന്ന് എൽപിജിയ്ക്കൊപ്പം ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു ഇന്ധനത്തെക്കുറിച്ചു കൂടി കേന്ദ്രസർക്കാർ ആലോചിച്ചു. ഇതിന്റെ ഭാഗമായി എഥനോൾ‍ ഉപയോഗിക്കാൻ കഴിയുന്ന അടുപ്പുകൾ നിർമിക്കാനുള്ള ഗവേഷണങ്ങളും സർക്കാർ ആരംഭിച്ചിരുന്നു. ബന്ധപ്പെട്ട വ്യവസായങ്ങളോടും ഇത്തരം പരീക്ഷണങ്ങൾ നടത്താൻ സർക്കാർ ആവശ്യപ്പെട്ടു.എഥനോൾ ആവശ്യത്തിലും കൂടുതൽനിലവിൽ ഒരു ലിറ്റർ പെട്രോളിൽ 20 ശതമാനമാണ് എഥനോൾ കലർത്തുന്നത്. ഇത് 25 ശതമാനമാക്കി വർധിപ്പിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. എന്നാൽ ആവശ്യത്തിലധികം എഥനോൾ ഇന്ത്യൻ കമ്പനികൾ ഉൽപാദിപ്പിക്കുന്നുമുണ്ട്. പ്രതിവർഷം 2000 കോടി ലീറ്റർ എഥനോളാണ് ഇന്ത്യൻ കമ്പനികൾ ഉൽപാദിപ്പിക്കുന്നത്. 1450 കോടി ലീറ്റർ എഥനോൾ രാജ്യത്തിന് ഓരോ വർഷവും ആവശ്യമായി വരുന്നുണ്ട്. പെട്രോളിൽ കലർത്താൻ 1100 കോടി ലീറ്റർ പെട്രോളിയം കമ്പനികൾക്ക് വേണം. മദ്യം, മരുന്ന്, രാസവസ്തുക്കൾ എന്നിവ നിർമിക്കാൻ 350 കോടി ലീറ്റർ കൂടി വേണം. ബാക്കി 700 കോടി ലീറ്റർ വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് നിലവിൽ. ഇത് നേപ്പാൾ അടക്കമുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ലാഭിക്കാം 2 ലക്ഷം കോടിഎൽപിജി ഉപയോഗം കുറച്ച് വൈദ്യുതി , എഥനോൾ പാചകത്തിലേക്ക് മാറിയാൽ 2050 എത്തുമ്പോൾ ഇന്ത്യയ്ക്ക് രണ്ടു ലക്ഷം കോടി രൂപയെങ്കിലും ലാഭിക്കാനാകുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇറക്കുമതി ചെലവിനൊപ്പം എൽപിജി സബ്സിഡിയും കുറയുന്നതിലൂടെയാണ് ഈ നേട്ടമെന്നും പഠനങ്ങൾ. 


Travel ⏭️

Back to top button