NEWS
173 ഗുണ്ടകളും 2939 റൗഡികളും: തിരുവനന്തപുരത്തെ ഗുണ്ടകളെ പൂട്ടാൻ പൊലീസ്; എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചു

പോത്തൻകോട് ∙ തിരുവനന്തപുരം റൂറൽ പരിധിയിൽ ജില്ലാ പൊലീസ് മേധാവി തയാറാക്കിയ ഗുണ്ടാപ്പട്ടികയിൽ 3112 പേർ. 173 ഗുണ്ടകളും 2939 റൗഡികളും റൂറൽ ജില്ലയിൽ ഉണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ലിസ്റ്റിലുള്ളവരെ എ,ബി,സി,ഡി എന്നിങ്ങനെ 4 വിഭാഗങ്ങളിലായി തരംതിരിച്ചു. കാപ്പ ചുമത്തേണ്ടവരെ ‘എ’ വിഭാഗത്തിലും നിലവിൽ കേസുകൾ ഇല്ലാത്തവരെ ‘ബി’ വിഭാഗത്തിലും ഏറെനാളായി കേസുകൾ ഇല്ലാത്തവരെ ‘സി’യിലും ഉൾപ്പെടുത്തി. എ,ബി വിഭാഗത്തിൽ ഉള്ളവർക്കെതിരെയാണ് മുൻകരുതൽ നടപടികൾ എടുക്കുന്നത്. ഇവരെ കൊണ്ട് ബോണ്ട് വയ്പ്പിക്കുകയും ചെയ്യും. സി വിഭാഗത്തിലുള്ളവരെ നിരീക്ഷിച്ച് അവശ്യഘട്ടങ്ങളിൽ കരുതൽ തടങ്കലിലാക്കും.പൊലീസ് സ്റ്റേഷനുകളിൽ നിന്നു ഡിവൈഎസ്പിമാർ ശേഖരിച്ച കണക്ക് പരിശോധിച്ചാണ് എസ്പി പട്ടിക തയാറാക്കിയത്. കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവർ, പിടികിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ തുടങ്ങിയവരുടെ പട്ടികയും സ്ക്വാഡുകൾക്കു കൈമാറി. ഗുണ്ടകളിൽ 30 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായവരാണ്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി നിരീക്ഷിക്കും. ഗുണ്ടകളുടെ യാത്ര, സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷിക്കുന്നുണ്ട്. 6 മാസത്തിനിടയിൽ 50ൽ അധികം ഗുണ്ടകളെ ജില്ലയിൽ നിന്നു നാട് കടത്തുകയും 70ഓളം പേരെ അതതു പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
Fashion ⏭️


