BUSINESS
ജെൻസീകളുടെ ഫേവറിറ്റ്, ‘ഫ്രിജ് സിഗരറ്റിന്’ ഇനി ‘വലിയ വില’ കൊടുക്കണം; ഇറാൻ യുദ്ധത്തിൽ വില കുതിച്ചു

രാജ്യത്തെ യുവതലമുറയ്ക്കിടയിൽ സിജെപി പ്രക്ഷോഭത്തിനൊപ്പം ചർച്ചയായി ‘ഫേവറിറ്റ് ഡ്രിങ്കിന്റെ’ വിലക്കയറ്റവും. പശ്ചിമേഷ്യയിലുണ്ടായ യുദ്ധം ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരവഴി അടച്ചിരുന്നു. പിന്നാലെ അലൂമിനിയം അടക്കമുള്ള ലോഹങ്ങളും കിട്ടാതെയായി. ഇതോടെ അലൂമിനിയം കാനുകളിൽ വിൽക്കുന്ന ‘ഡയറ്റ് കോക്കിന്’ ഇന്ത്യൻ വിപണിയിൽ ക്ഷാമം നേരിട്ടു. ക്വിക്ക് കൊമേഴ്സ് വെബ്സൈറ്റുകളിൽ ഡയറ്റ് കോക്ക് കിട്ടാനില്ലെന്ന് പലരും പരാതിപ്പെട്ടു. മറ്റ് വിപണികളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എത്തിച്ചാണ് കോക്കകോള ഇതിനെ നേരിട്ടത്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് പകരം തെക്കു- കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് വലിപ്പം കൂടിയ കാനുകളാണ് എത്തിച്ചത്. ഫലമോ വിലയിലുണ്ടായത് 10 ശതമാനത്തിനു മുകളിൽ വർധന.മറ്റ് രാജ്യങ്ങളിൽ പ്ലാസ്റ്റിക്ക്, ചില്ലു കുപ്പികളിൽ ലഭിക്കുന്ന ഡയറ്റ് കോക്ക് ഇന്ത്യയിൽ അലുമിനിയം കാനിലാണ് വിറ്റിരുന്നത്. 300 മില്ലി ലീറ്റർ അളവിലുള്ള ഡയറ്റ് കോക്കിനു 40 രൂപയായിരുന്നു. നിലവിൽ ഇത് 330 മില്ലി ലീറ്റർ അളവിലേക്ക് മാറി. ഇതിന് 50 രൂപയാണ് ഇന്ത്യയിലെ വില. കൃത്യമായ കണക്കെടുത്താൽ 13.6 ശതമാനമാണ് വർധന. എന്നാൽ കമ്പനി ഔദ്യോഗികമായി വിലവർധന പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ 200 മില്ലി ലീറ്റർ അളവിൽ ചില്ലു കുപ്പിയിലും ലിമിറ്റഡ് കാലത്തേക്ക് ഡയറ്റ് കോക്ക് വിപണിയിലെത്തിക്കാൻ കോക്കകോള തീരുമാനിച്ചിട്ടുണ്ട്. ഇതിന് അലുമിനിയം കാനിനേക്കാൾ വിലയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.∙ എങ്ങനെ ജെൻസീയുടെ ഫേവറിറ്റായി?ജെൻസീകൾക്കിടയിൽ ‘ഫ്രിജ് സിഗരറ്റ്’ എന്നറിയപ്പെടുന്ന ശീതള പാനീയമാണിത്. ഒരു കാലത്ത് കാലറി കുറഞ്ഞ പാനീയമെന്ന് അറിയപ്പെട്ടിരുന്ന ഡയറ്റ് കോക്ക് ഇന്ന് ലൈഫ് സ്റ്റൈലിന്റെ ഭാഗമാണ് പലർക്കും. സമൂഹ മാധ്യമങ്ങളും വെൽനസ് സംസ്കാരവും മീമുകളിലൂടെ ഡയറ്റ് കോക്കിനെ വളർത്തി. ഷുഗർ ഫ്രീ ഭക്ഷണങ്ങളോട് യുവതലമുറയ്ക്കുള്ള പ്രിയവും നിർണായകമായി. ഓഫിസ് തിരക്കിനിടയിൽ മാനസിക സമ്മർദം കുറയ്ക്കാനുള്ള ഒരു മാർഗം കൂടിയായിരുന്നു പലർക്കും ഇത്.
Travel ⏭️


