NEWS
അന്വേഷണത്തിന്റെ അണയാത്ത കനൽ; വാർത്തയെന്നാൽ നീതിതേടൽ തന്നെയെന്നു കരുതിയ പത്രപ്രവർത്തകൻ

കൊച്ചി ∙ ജിജോ ജോൺ പുത്തേഴത്ത് –അന്വേഷണാത്മക വാർത്തകളുടെ തുടിക്കുന്ന ബൈലൈൻ. ഇന്നലെ ആ ബൈലൈനും വാർത്തയും വായനക്കാരുടെ കണ്ണുകളിൽ ചൂടോടെ കൊളുത്തുന്ന നേരം ആശുപത്രിക്കിടക്കയിൽ ജിജോയെന്ന ക്രൈം റിപ്പോർട്ടറുടെ ദേഹത്ത് തണുപ്പ് പടർന്നുതുടങ്ങിയിരുന്നു. ‘മരിച്ചവരെ ശ്രദ്ധിക്കാൻ ആർക്കാണു നേരം? അവർക്കുവേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ?’ യുഎസിലെ മയാമി ഹെറൾഡ് പത്രത്തിന്റെ ലോകപ്രശസ്തയായ ക്രൈം റിപ്പോർട്ടർ, പുലിറ്റ്സർ പുരസ്കാരജേത്രിയായ എഡ്ന ബുക്കാനന്റെ വാക്കുകൾ. അതെ, എഡ്നയുടെ വാക്കുകളെ മനസ്സിൽ കൊണ്ടുനടന്ന അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്നു ജിജോ ജോൺ പുത്തേഴത്ത്.‘നഗരത്തിലെ പ്രധാന കൊലപാതകം’ എന്ന മട്ടിലല്ല ജിജോ ക്രൈം വാർത്തകളെ കണ്ടത്. അജ്ഞാതജഡങ്ങളെപ്പോലും അന്വേഷണവിഷയമാക്കി. നിസ്സാരമെന്നു പൊലീസ് പറയുന്ന ക്രൈം വാർത്തകൾപോലും മനസ്സിലേക്ക് എടുത്തു. അനായാസം അതിലേക്ക് ആണ്ടിറങ്ങി. സഹജവാസനയായിരുന്നു അത്. ശബ്ദിക്കാൻ ആരുമില്ലാത്ത ഇരകൾക്കുവേണ്ടിയും വാർത്ത തേടണമെന്ന നിശ്ചയദാർഢ്യം ജിജോയ്ക്കുണ്ടായിരുന്നു. വാർത്തയെന്നാൽ നീതിതേടൽ തന്നെയെന്നു കരുതിയ പത്രപ്രവർത്തകൻ.തട്ടിപ്പിലെ മുഖ്യപ്രതികളിൽ ചിലർ ഏതാനും ആഴ്ച മുൻപ് ഡൽഹിയിൽ പിടിയിലായി. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള വ്യാജ ഉടമ്പടി, ഹെലികോപ്റ്ററിൽ സാത്താൻകുളത്തു പറന്നിറങ്ങി ഭൂമിപൂജ, യുഎസ് ഗ്രീൻ കാർഡ് വാഗ്ദാനം, നാവിക ദിനാഘോഷത്തിന്റെ ചിത്രങ്ങൾ എന്നിങ്ങനെ രാജ്യാന്തര മായക്കാഴ്ചകൾകൊണ്ടു തട്ടിപ്പുകാർ ചൂണ്ടയിട്ടപ്പോൾ യുക്തിയുടെയും തെളിവുകളുടെയും വഴിയേ ജിജോ തലപുകച്ചു. കുറ്റകൃത്യത്തിന്റെ ഉള്ളുകണ്ടെത്താൻ സത്യത്തിന്റെ വെളിച്ചമായിരുന്നു ജിജോയുടെ ബലം. ‘അന്വേഷണം ഇരുട്ടിൽത്തപ്പുന്നു’ എന്ന പ്രയോഗത്തെ ഈ റിപ്പോർട്ടർ പലപ്പോഴും വെല്ലുവിളിച്ചു.
Fashion ⏭️


