BUSINESS

എയർ കേരളയ്ക്ക് പറക്കാൻ റഷ്യൻ വിമാനം; 20 എയർക്രാഫ്റ്റുകളെത്തും, ബ്രിക്സിന് മുൻപേ ഇന്ത്യയ്ക്ക് 105 വിമാന ഡീൽ


കേരളത്തിന്റെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ പറക്കാനൊരുങ്ങുന്ന എയർ കേരളയ്ക്ക് റഷ്യയിൽ നിന്ന് 20 വിമാനങ്ങളെത്തും. ഇന്ത്യ വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുൻപേ മൊത്തം 105 വിമാനങ്ങളുടെ വിതരണത്തിനായി റഷ്യൻ കമ്പനി യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷൻ (യുഎഇ) മൂന്ന് ഇന്ത്യൻ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചെന്നാണ് അറിയുന്നത്. കമ്പനികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഐഎൽ-114-300 (Il-114-300) ശ്രേണിയിലെ 105 എയർക്രാഫ്റ്റുകളാണ് കമ്പനി ഇന്ത്യയിൽ വിതരണം ചെയ്യുക. ഇതിൽ 20 എണ്ണമാണ് എയർ കേരള വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 50 എണ്ണം പിനാക്കിൾ എയറിനും 35 എണ്ണം സ്ലീക്ക് ഏവിയേഷനുമാണ്. കൊച്ചി വിമാനത്താവളം (സിയാൽ) കേന്ദ്രമാക്കി 2025ൽ സർവീസ് ആരംഭിക്കേണ്ടതായിരുന്നു എയർ കേരള.എന്നാൽ വിമാനം പാട്ടത്തിന് നൽകേണ്ട വിദേശ കമ്പനികളുടെ കടുംപിടിത്തവും അപ്രായോഗിക നിലപാടുകളും തിരിച്ചടിയായി. ഇപ്പോൾ റഷ്യയിൽ നിന്ന് എയർക്രാഫ്റ്റുകൾ ലഭിക്കുന്നതോടെ കേന്ദ്രത്തിൽ നിന്ന് അനുമതികൾ സ്വന്തമാക്കി സർവീസ് ആരംഭിക്കാൻ എയർ കേരളയ്ക്ക് കഴിയും.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) എയർ കേരള നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എയർലൈൻ കോഡ് ആയ ‘കെഡി’ (‘കേരള ഡ്രീം’) ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) നിന്നും നേടിയിട്ടുമുണ്ട്. കമ്പനി കൊച്ചിയിൽ ഹെഡ് ഓഫിസും തുറന്നിരുന്നു.നിലവിൽ ‘ഉഡാൻ’ സ്കീം പ്രകാരമുള്ള പ്രാദേശിക വിമാന സർവീസിൽ ഇന്ത്യൻ കമ്പനികൾ എടിആർ72-600 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 72 സീറ്റർ വിമാനമാണിത്. അതേസമയം, ഐഎൽ-114-300 വിമാനം പൂർണമായും റഷ്യൻ നിർമിതവും 68 സീറ്റുകളുള്ളതുമാണ്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ അഫി അഹ്മദ്, ആയുബ് കല്ലട എന്നിവരാണ് എയർ കേരളയുടെ സാരഥികൾ. കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ കീഴിലെ അൽ ഹിന്ദ് എയറും പറക്കലിനുള്ള പ്രാഥമിക അനുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്. വിമാനങ്ങൾ പാട്ടത്തിന് ലഭിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധിക്ക് പുറമേ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉയർന്ന വിമാന ഇന്ധനച്ചെലവുകളും ഇന്ത്യയിൽ പുതിയ വിമാനക്കമ്പനികളുടെ സർവീസ് ആരംഭത്തെ ബാധിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അയയുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് എയർ കേരളയും അൽഹിന്ദ് എയറും.


Travel ⏭️

Back to top button