BUSINESS

ചന്ദ്രനില്‍ താവളമൊരുക്കാന്‍ നാസയും ഐഎസ്ആര്‍ഒയും ഒന്നിക്കുന്നു; തിരുവനന്തപുരത്തിനും വന്‍ നേട്ടം


NASA- ISRO collaboration Kerala Benefits: ചന്ദ്രനില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട് നാസ (NASA). ചന്ദ്രനില്‍ മനുഷ്യസാന്നിധ്യം ഉറപ്പുവരുത്താനും, ദീര്‍ഘകാല ഗവേഷണങ്ങള്‍ക്കായി സ്ഥിരമായ മനുഷ്യ താവളം നിര്‍മ്മിക്കാനുമുള്ള നാസയുടെ ചരിത്രപരമായ മൂണ്‍ ബേസ് പ്രോഗ്രാമിലേകളകാണ് ( Moon Base Program ) ഐഎസ്ആര്‍ഒയ്ക്ക് (ISRO) ക്ഷണം. അന്താരാഷ്ട്ര ബഹിരാകാശ കരാറായ ആര്‍ട്ടെമിസ് അക്കോര്‍ഡ്‌സിന്റെ (Artemis Accords) പശ്ചാത്തലത്തിലാണ് സഹകരണം. ഈ സഹകരണം ആഗോള ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ ആധിപത്യം വര്‍ദ്ധിപ്പിക്കും. ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ മുളയ്ക്കുമ്പോള്‍, തിരുവനന്തപുരത്തെ തുമ്പയും വലിയമലയും ഈ ആഗോള കുതിപ്പിന്റെ നിര്‍ണ്ണായക നട്ടെല്ലായി മാറുകയാണ്. ഇത് കേരളത്തിന് മുന്നില്‍ തുറക്കുന്ന സാധ്യതകള്‍ മനസിലാക്കാം.മൂണ്‍ ബേസ് പ്രോഗ്രാമും ആര്‍ട്ടെമിസ് കരാറുംബഹിരാകാശ ദൗത്യങ്ങളില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ്. നാസയുടെ ‘മൂണ്‍ ബേസ് പ്രോഗ്രാമില്‍’ (Moon Base Program) പങ്കെടുക്കാന്‍ ഐഎസ്ആര്‍ഒയെ നാസ ക്ഷണിച്ചു. ആര്‍ട്ടെമിസ് കരാറിന്റെ (Artemis Accords) അടിസ്ഥാനത്തിലാണ് ഈ സഹകരണം. ബഹിരാകാശ പര്യവേക്ഷണങ്ങള്‍ സുഗമമാക്കുന്നതിനും, ശാസ്ത്രീയ മുന്നേറ്റങ്ങള്‍ക്കുമായി ഓപ്പണ്‍ സയന്റിഫിക് ഡാറ്റ പരസ്പരം പങ്കുവെക്കാന്‍ ഇരു ബഹിരാകാശ ഏജന്‍സികളും തമ്മില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ശാസ്ത്രീയ- വാണിജ്യ മുന്നേറ്റങ്ങള്‍ക്കായി ഒരു മനുഷ്യ താവളം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇന്ത്യയുടെ പങ്കാളിത്തം കൂടുതല്‍ സാങ്കേതിക സഹകരണങ്ങള്‍ക്കുള്ള വഴിയാണ് തുറക്കുന്നത്.ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്? ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെയും, ഐഎസ്ആര്‍ഒയുടെയും സ്ഥാനം കൂടുതല്‍ ശക്തമാകും. അമേരിക്കയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും, ശാസ്ത്രീയ വിവരങ്ങളും ഇന്ത്യയ്ക്ക് ലഭ്യമാകും. ഭാവിയില്‍ ഇന്ത്യ സ്വന്തമായി നടത്തുന്ന ചൊവ്വാ ദൗത്യങ്ങള്‍ക്കും, മറ്റ് യാത്രകള്‍ക്കും ഈ അനുഭവസമ്പത്ത് വലിയ മുതല്‍ക്കൂട്ടാകും. ഇന്ത്യയിലെ ബഹിരാകാശ വാണിജ്യ മേഖലയ്ക്കും ഇത് വലിയ കുതിപ്പ് നല്‍കും.എന്താണ് ആര്‍ട്ടെമിസ് അക്കോര്‍ഡ്‌സ്?ആര്‍ട്ടെമിസ് അക്കോര്‍ഡ്‌സ് (Artemis Accords) ഒരു അന്താരാഷ്ട്ര ബഹിരാകാശ ഉടമ്പടിയാണ്. ഇതിന്റെ ഭാഗമായി മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനും, ഭാവിയിലെ പര്യവേക്ഷണങ്ങള്‍ക്കായി അവിടെ സ്ഥിരമായ ഒരു മനുഷ്യ താവളം നിര്‍മ്മിക്കാനും നാസ ശ്രമിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഒരു ലൂണാര്‍ ബേസ് (മനുഷ്യ താവളം) നിര്‍മ്മിക്കും.ചന്ദ്രനിലെ വിഭവങ്ങള്‍ കണ്ടെത്തുകയും, അവയെ ശാസ്ത്രീയവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ലക്ഷ്യം. പങ്കാളിത്ത രാജ്യങ്ങള്‍ തമ്മില്‍ സാങ്കേതികവിദ്യാ കൈമാറ്റവും, ബഹിരാകാശ സഹകരണവും വര്‍ധിപ്പിക്കുക ഈ പദ്ധതിയുടെ ഭാഗമാണ്. ഭാവിയില്‍ മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളും, തയ്യാറെടുപ്പുകളും ഈ ചന്ദ്രനിലെ താവളത്തില്‍ വെച്ച് നടത്തും.കേരളത്തിന്റെ സാധ്യതകള്‍കേരളത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രധാന യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. അവ താഴെ പറയുന്നവയാണ്: വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍: തുമ്പയില്‍ സ്ഥിതി ചെയ്യുന്നു. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ഇവിടെയാണ്. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍: വലിയമലയില്‍ സ്ഥിതി ചെയ്യുന്നു. റോക്കറ്റുകള്‍ക്ക് ആവശ്യമായ ലിക്വിഡ്, ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നത് ഈ യൂണിറ്റിലാണ്. ഇസ്രോ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ്: വട്ടിയൂര്‍ക്കാവില്‍ സ്ഥിതി ചെയ്യുന്നു. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ഗതി നിയന്ത്രിക്കുന്ന നാവിഗേഷന്‍, ഗൈഡന്‍സ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നത് ഇവിടെയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി: വലിയമലയില്‍ സ്ഥിതി ചെയ്യുന്നു. ബഹിരാകാശ ശാസ്ത്രം പഠിപ്പിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസിന്റെ കീഴിലുള്ള സര്‍വകലാശാലയാണ്.കേരളത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ?ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങള്‍ക്കും ഗഗന്‍യാന്‍ ദൗത്യത്തിനും ഉപയോഗിക്കുന്ന കൂറ്റന്‍ റോക്കറ്റുകളും എഞ്ചിനുകളും വികസിപ്പിക്കുന്നതില്‍ തിരുവനന്തപുരത്തെ VSSC, LPSC എന്നീ യൂണിറ്റുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. അന്താരാഷ്ട്ര പ്രൊജക്റ്റുകളും, സഹകരണങ്ങളും ഈ സെന്ററുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും.ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിപുലമാകുന്നതോടെ കേരളത്തിലെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറക്കപ്പെടും. ഐഎസ്ആര്‍ഒയ്ക്ക് ആവശ്യമായ ഉപകരണങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും നല്‍കുന്ന കേരളത്തിലെ ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും, കൂടുതല്‍ അവസരങ്ങളും ലഭിക്കും.നാസ പോലുള്ള ഏജന്‍സികളുമായുള്ള പങ്കാളിത്തം വഴി ഐഐഎസ്ടി പോലുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മികച്ച പഠന- ഗവേഷണ സൗകര്യങ്ങളും ആഗോള അവസരങ്ങളും ലഭിക്കും.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വിവരങ്ങളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button