NEWS

കോര, കൂരി, കരിമീൻ, കണമ്പ്..: പുഴമീനുകൾ ചത്തുപൊങ്ങി; സാംപിൾ പരിശോധനയ്ക്ക്, മീനുകൾ വാരി വിൽക്കരുതെന്ന് മുന്നറിയിപ്പ്


അമ്പലപ്പുഴ ∙ തോട്ടപ്പള്ളി പൊഴിമുഖത്തോടു ചേർന്ന സ്പിൽവേ കനാലിൽ പുഴമീനുകൾ വ്യാപകമായി ചത്തുപൊങ്ങി. കോര, കൂരി, കരിമീൻ, കണമ്പ് എന്നിവയാണ് പ്രധാനമായും തീരത്തടിഞ്ഞത്. ചത്ത മീനുകൾ അഴുകിയുള്ള വലിയ ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നു. തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് മീനുകൾ വാരി മാറ്റണം എന്ന ആവശ്യം ശക്തമാണ്. രണ്ടുദിവസം മുൻപു മുതൽ മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽപെട്ടിരുന്നു. ചിലർ മീനുകൾ വാരി വിറ്റതായും പറയുന്നു.വിവരം തോട്ടപ്പള്ളി തീരദേശ പൊലീസിലും ഫിഷറീസ് വകുപ്പിലും അറിയിച്ചു. മീനുകളുടെ സാംപിൾ ശേഖരിച്ച ഫിഷറീസ് വകുപ്പ് ലാബ് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നാലേ മീനുകൾ ചത്തുപൊങ്ങിയതിന്റെ കാരണം ശാസ്ത്രീയമായി അറിയാനാകൂ. മീനുകൾ വാരി വിൽക്കരുതെന്ന് തീരദേശ പൊലീസും ഫിഷറീസ് വകുപ്പും മുന്നറിയിപ്പു നൽകി. സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് പുഴമീനുകൾ പൊഴിമുഖത്തെ കനാലിൽ വരാറുണ്ട്. കടലിൽ പോളക്കറ ഇറങ്ങിയിട്ടുണ്ടെന്നും ഇത് പുഴമീനുകളുടെ നിലനിൽപിനു ഭീഷണിയാണെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. പോളക്കറ കടൽ മത്സ്യങ്ങളെ ബാധിക്കാറില്ല.


Fashion ⏭️

Back to top button