NEWS

പീക്ക് സമയത്ത് വൈദ്യുതി ഉറപ്പാക്കണം: എൻടിപിസിക്ക് നൽകിയ സ്ഥലം തിരിച്ചെടുക്കുമെന്ന് കേരളം

കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് മുന്നോട്ട് പോകണമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്ന പീക്ക് സീസണുകളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഇരു സർക്കാരുകളും സഹകരിച്ച് പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്ന് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കായംകുളം എൻടിപിസിക്ക് 350 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിലും നിലവിൽ അവിടെ ഉൽപ്പാദനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പ്രവർത്തനരഹിതമായ എൻടിപിസിക്ക് പ്രതിവർഷം നൂറ് കോടി രൂപ കേരളം നൽകുന്നുണ്ട്. യാതൊരുവിധ പ്രയോജനവുമില്ലാത്ത സാഹചര്യത്തിൽ, എൻടിപിസിക്ക് സർക്കാർ അനുവദിച്ച സ്ഥലം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന ഊർജ സെക്രട്ടറിമാരും എൻടിപിസി ചെയർമാനും തമ്മിൽ അടിയന്തര ചർച്ചകൾ നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, രാഷ്ട്രീയപരമായ ചോദ്യങ്ങൾ ഉയർന്നപ്പോൾ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ തീരുമാനങ്ങൾ വ്യക്തമാക്കാനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും നിലവിൽ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Sports ⏭️

Read News ⏭️

Back to top button