AUTO

ഓഫ് റോഡും കാട്ടുപാതകളും ഇനി ഇലക്ട്രിക്കിൽ കീഴടക്കാം; ഞെട്ടിക്കുന്ന ഫീച്ചറുകളുമായി സിയേറ.ഇവി സാങ്ച്വറി എഡിഷൻ!


കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തിയ ടാറ്റയുടെ പുതിയ ഇലക്ട്രിക്ക് എസ്‌യുവി സിയേറ ഇവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ഫീച്ചറുകളും കരുത്തുറ്റ പവര്‍ട്രെയിനുമായെത്തിയ ഈ വാഹനം ഇലക്ട്രിക്കിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയ മോഡലായിക്കഴിഞ്ഞു. പുതിയ സിയേറ.ഇവിയില്‍ അപ്രതീക്ഷിതമായ ഒരു പരീക്ഷണം നടത്തിയാണ് ടാറ്റ മോട്ടോഴ്‌സ് ഞെട്ടിക്കുന്നത്. കാടുകളിലേക്കുള്ള യാത്രകളില്‍ വിശ്വസിച്ച് കൂടെക്കൂട്ടാന്‍ പറ്റുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത സിയേറ.ഇവി സാഞ്ച്വറി എഡിഷനാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. സൂര്യനുദിക്കാത്ത കാട്ടുപാതകളില്‍ ഡ്രൈവിങ് സുരക്ഷിതമാക്കാന്‍ മുന്നിലെ മെറ്റല്‍ ഗാര്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഭീമന്‍ ഫോഗ് ലാമ്പുകളാണ് സിയേറ.ഇവി സാങ്ച്വറി എഡിഷന്റെ മറ്റൊരു സവിശേഷത. കാടിലെ വഴികളില്‍ കൃത്യമായ കാഴ്ച്ച ഉറപ്പാക്കാന്‍ ഇത്തരം ഉയര്‍ന്ന പ്രകാശമുള്ള ലൈറ്റുകള്‍ സഹായിക്കും. സഫാരി വാഹനത്തിന് യോജിച്ച പരുക്കന്‍ ഫീച്ചറുകള്‍ കോര്‍ത്തിണക്കിയാണ് ടാറ്റ ഈ ഇലക്ട്രിക്ക് എസ്‌യുവിയെ നിര്‍മിച്ചിരിക്കുന്നത്. സിയേറ.ഇവിയുടെ ആഡംബര ഭംഗി ഒട്ടും കുറയാത്ത വിധത്തിലാണ് സാങ്ച്വറി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ് മോഡലിലെ അതേ കണക്റ്റഡ് എല്‍ഇഡി ഹെഡ് ലാംപുകള്‍, ഡിആര്‍എല്‍, ഫ്രണ്ട് ബംപര്‍ ഡിസൈന്‍, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയെല്ലാം ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം മുന്നിലെ കട്ടിയേറിയ മെറ്റല്‍ഗാര്‍ഡ് വാഹനത്തിലെ മുന്‍ ക്യാമറയുടെ കാഴ്ച്ചകളെ അല്‍പം മറക്കുന്നുണ്ടെന്ന കുറവുമുണ്ട്. കാടിന്റെ വന്യത പരമാവധിയില്‍ ആസ്വദിക്കാനാവും വിധമാണ് വാഹനത്തിന്റെ രൂപകല്‍പന. ഇതിന് സഹായിക്കുന്ന വിധത്തിലാണ് വാഹനത്തിലെ സീറ്റിങ് ക്രമീകരിച്ചിരിക്കുന്നത്. തിയേറ്ററിലെ സീറ്റുകള്‍ പോലെ ഒന്നിനു പിറകെ ഒന്നായി ഉയരത്തില്‍ ക്രമീകരിച്ചിട്ടുള്ള മൂന്ന് വരികളിലായി 8 സീറ്റുകളാണ് ഈ വാഹനത്തിലുള്ളത്. ഇത് കാട്ടിലൂടെയുള്ള യാത്രകളില്‍ സഞ്ചാരികള്‍ക്ക് മുന്നിലേയും വശങ്ങളിലേയും കാഴ്ച്ചകള്‍ എളുപ്പം കാണാന്‍ സഹായിക്കും. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ക്യാന്‍വാസ് റൂഫ് നല്‍കിയിട്ടുണ്ടെങ്കിലും പ്രകൃതി ഭംഗി പനോരമിക് വ്യൂവില്‍ ആസ്വദിക്കാന്‍ സഹായിക്കും വിധമാണ് ഇതിന്റെ ഡിസൈന്‍. ഉള്ളിലേക്കു വന്നാല്‍ സാധാരണ മോഡലിലെ ആധുനികമായ ഡാഷ്‌ബോര്‍ഡ് ലേ ഔട്ട്തന്നെയാണ് ടാറ്റ സാങ്ച്വറി എഡിഷനിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രീമിയം ലുക്ക് നല്‍കുന്ന ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ സ്‌പോക്ക് സ്റ്റീറിങ് വീല്‍ എന്നിവയെല്ലാം ഈ മോഡലിലുണ്ട്. ഇന്റീരിയറിലെ പ്രത്യേക ബ്ലാക്ക് ആന്റ് ബ്ലൂ തീം വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. 


Source link

Back to top button