NEWS
അരൂർ – തുറവൂർ ഉയരപ്പാത: നിർമാണം മുടങ്ങിക്കിടന്ന തൂണിന്റെ പിയർ ക്യാപ് കോൺക്രീറ്റിങ് പൂർത്തിയായി

തുറവൂർ ∙ അരൂർ – തുറവൂർ ഉയരപ്പാതയിൽ അരൂർ ശ്രീനാരായണപുരം ജംക്ഷനു സമീപം നിർമാണം മുടങ്ങിക്കിടന്ന തൂണിന്റെ പിയർ ക്യാപ് കോൺക്രീറ്റിങ് പൂർത്തിയായി. കോൺക്രീറ്റ് ഉറച്ചു കഴിഞ്ഞാൽ 3 തൂണുകൾ തമ്മിൽ ബന്ധിപ്പിച്ച് 14 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതോടെ പാതയുടെ നിർമാണം പൂർത്തിയാകും. ഈ മാസം അവസാനത്തോടെ ഗർഡറുകൾ സ്ഥാപിക്കാൻ സാധിക്കുമെന്നാണ് നിർമാണ കമ്പനി അധികൃതർ പറയുന്നത്. തുടർന്ന് പാതയുടെ കോൺക്രീറ്റിങ് അടുത്ത മാസം അവസാനത്തോടെ നടക്കും.അരൂർ തുറവൂർ ഉയരപ്പാത അരൂർ ബൈപാസ് കവലയിൽ നിന്നു സംസ്ഥാന പാതയിലേക്കു കയറുന്ന ഭാഗത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം തുടങ്ങിയിട്ടുണ്ട്. തൂണിൽ നിന്നു 300 മീറ്ററോളം നീളത്തിലാണ് അരൂർ– തോപ്പുംപടി പാതയിൽ അരൂർ ബൈപാസിൽ നിന്നു അപ്രോച്ച് റോഡ് നിർമിക്കുന്നത്. 4.5 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡിന്റെ താഴെ ജിയോ ഗ്രിഡ് ഷീറ്റുകൾ നിരത്തും. ഇതിന് മുകളിൽ ഇരുവശവും കോൺക്രീറ്റ് ആർസി പാനൽ നിരത്തി അതിനുള്ളിൽ മണ്ണിട്ട് ഉയർത്തിയാണ് നിർമാണം. തുടർന്ന് ഓരോ ലെയർ ആർസി കോൺക്രീറ്റ് പാനൽ ഇരുവശങ്ങളിലും പാകുമ്പോൾ അതിന് മുകളിൽ 3 മീറ്റർ വീതമുള്ള ജിയോ ഗ്രിഡ് ഷീറ്റുകൾ നിരത്തി മണ്ണിട്ട് ഉയർത്തിയാണ് നിർമാണം.
Source link


