AUTO

ഇവി വിപണി പിടിച്ചെടുത്ത് ടാറ്റ! നാലാം സ്ഥാനത്തേക്ക് കുതിച്ച് വിൻഫാസ്റ്റ്


ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ വില്‍പനയില്‍ വന്‍ മുന്നേറ്റവുമായി ടാറ്റ മോട്ടോഴ്‌സ്. ഓഗസ്റ്റില്‍ മറ്റു വൈദ്യുത കാര്‍ കമ്പനികളെ ബഹുദൂരം പിന്നിലാക്കിയാണ് ടാറ്റ മോട്ടോഴ്‌സ് മുന്നില്‍ കുതിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് ഓഗസ്റ്റിലെ മറ്റൊരു പ്രധാന മാറ്റം. ഓഗസ്റ്റില്‍ രാജ്യത്ത് ആകെ 30,051 ഇലക്ട്രിക്ക് കാറുകളാണ് റജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 19,629 യൂണിറ്റുകളില്‍ നിന്നും 53.1 ശതമാനത്തിന്റെ വന്‍ വര്‍ധനവും രാജ്യത്തെ ഇവി വിപണി രേഖപ്പെടുത്തി. അതേസമയം സര്‍വകാല റെക്കോർഡ് വില്‍പന നടന്ന ജൂലൈയുമായി(33,791) താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പനയില്‍ 11.1 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യന്‍ വൈദ്യുത കാര്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയും എംജിയുമാണ് ടാറ്റക്കു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. ഓഗസ്റ്റില്‍ 6,464 യൂണിറ്റുകള്‍ വിറ്റാണ് മഹീന്ദ്ര രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,139 യൂണിറ്റുകളായിരുന്നു മഹീന്ദ്രയുടെ വില്‍പന. വാര്‍ഷിക വില്‍പന വളര്‍ച്ച 56.2ശതമാനം വളര്‍ച്ചയോടെ 21.5 ശതമാനം വിപണി വിഹിതവും മഹീന്ദ്ര സ്വന്തമാക്കി. അതേസമയം ജൂലൈ മാസത്തെ അപേക്ഷിച്ച് മഹീന്ദ്രയുടെ റജിസ്‌ട്രേഷനില്‍ 20.1 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും ചേര്‍ന്ന് ഓഗസ്റ്റില്‍ 19,622 വാഹനങ്ങളാണ് വിറ്റഴിച്ചത്. രാജ്യത്തെ ആകെ ഇ കാര്‍ വിപണിയുടെ ഏകദേശം മൂന്നില്‍ രണ്ടു പങ്കും ഈ രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ കൈവശമാണുള്ളത്.ഓഗസ്റ്റില്‍ 4,622 റജിസ്‌ട്രേഷനുകളുമായി എംജി മോട്ടോഴ്‌സ് വിപണിയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ(5,622യൂണിറ്റ്) അപേക്ഷിച്ച് 17.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ 5,942 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പനയില്‍ 22.2 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 15.4 ശതമാനമാണ് എംജിയുടെ വിപണി വിഹിതം. ഓഗസ്റ്റിലെ വില്‍പനയില്‍ ടാറ്റയും മഹീന്ദ്രയും എംജിയും ചേര്‍ന്ന് രാജ്യത്തെ ആകെ ഇ കാര്‍ റജിസ്‌ട്രേഷന്റെ 80.7 ശതമാനവും സ്വന്തമാക്കിയിരിക്കുകയാണ്.


Sports ⏭️

Back to top button