‘ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ലക്ഷങ്ങൾ നഷ്ടം, ഒരു വിളി പ്രതീക്ഷിച്ചാണ് ഉറങ്ങാൻ കിടക്കുക’; എന്താണ് പ്രൊഡക്ഷൻ കൺട്രോളറുടെ ജോലി?

ഷൂട്ടിംഗ് സെറ്റിൽ സിദ്ധു പനയ്ക്കൽ
സിനിമയിലെ പ്രാഡക്ഷൻ കൺട്രോളറുടെ ജോലിയെക്കുറിച്ച് വിശദീകരിക്കുന്ന സിദ്ധു പനയ്ക്കലിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറാണ് സിദ്ധു. പ്രൊഡക്ഷൻ കൺട്രോളറുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് വരുന്ന സന്ദേശങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇതേക്കുറിച്ച് കുറിപ്പ് പങ്കുവച്ചത്. ഒരു സിനിമയുടെ ആലോചന മുതൽ റിലീസ് വരെ ആ സിനിമയുടെ നിർമ്മാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് പ്രൊഡക്ഷൻ കൺട്രോളറെന്ന് അദ്ദേഹം പറയുന്നു.
സിദ്ധു പനയ്ക്കൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചുകൊണ്ട് ഒരുപാട് സൗഹൃദങ്ങൾ മെസ്സേജ് അയക്കാറുണ്ട്. നമ്പർ അറിയുന്നവർ വാട്സാപ്പിലും അറിയാത്തവർ മെസഞ്ചറിലും. ഈ കാര്യങ്ങൾ ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ് വീണ്ടും ഒരിക്കൽ കൂടി. ഒരു സിനിമയുടെ ആലോചന മുതൽ റിലീസ് വരെ ആ സിനിമയുടെ നിർമ്മാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് പ്രൊഡക്ഷൻ കൺട്രോളർ.
സിനിമയിലെ മറ്റു പ്രവർത്തകരെ പോലെ രാവിലെ അഞ്ചുമണി മുതൽ രാത്രി 12 വരെ ജോലി ചെയ്യേണ്ടവർ. രാവിലെ 5 മണിക്ക് എണീറ്റ് ആറുമണിക്ക് റൂമുകളിൽ നിന്നിറങ്ങി രാത്രി ഒമ്പതര വരെ ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചു റൂമിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ ഓരോ സിനിമാ പ്രവർത്തകനും രാത്രി 12 മണിയാവും ഉറങ്ങാൻ. രാത്രി കിടക്കുമ്പോഴും എവിടെ നിന്നെങ്കിലും ഒരു വിളി പ്രതീക്ഷിച്ചാണ് ഞങ്ങളെപ്പോലുള്ളവർ കിടക്കുക. അർദ്ധരാത്രിക്കും പുലർച്ചയ്ക്കും വിമാനത്തിലോ ട്രെയിനിലോ ബസ്സിലോ വന്നിറങ്ങുന്ന ആർട്ടിസ്റ്റുകളെയോ എക്യുപ്മെന്റുകളോ പിക് ചെയ്യാൻ കറക്ട് സമയത്ത് ഡ്രൈവർമാർ പോകുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ ആ സമയത്തിന് അരമണിക്കൂർ മുമ്പ് അലാം വെച്ച് എഴുന്നേൽക്കും.
യൂണിറ്റിൽ ജോലിചെയ്യുന്ന ആർക്കെങ്കിലും ഒരു അസുഖമോ അത്യാഹിതമോ വന്നാൽ ഏതു സമയത്തും വിളി പ്രതീക്ഷിക്കാം. ഏതെങ്കിലും ഹോട്ടലിൽ കറന്റ് ഇല്ലെങ്കിലോ വെള്ളം സമയത്തു കിട്ടിയിയില്ലെങ്കിലോ വിളി വരും. ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾക്കും പ്രൊഡക്ഷൻ കൺട്രോളറോടൊപ്പം നിന്ന് ഉറക്കമൊഴിച്ച് ജോലി ചെയ്യുന്നവരാണ് സഹായികളായ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സും, പ്രൊഡക്ഷൻ മാനേജർമാരും. ആർട്ടിസ്റ്റുകൾ അടക്കം 150 ഓളം വരുന്ന ആളുകളെ ഓരോ ദിവസവും കൃത്യമായി ലൊക്കേഷനിൽ എത്തിക്കുകയും തിരിച്ചയക്കുകയും ചെയ്യണം.
ഷൂട്ടിംഗ് തുടങ്ങുന്നതിന് തലേദിവസം സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാവരെയും. അവരവരുടെ വീടുകളിൽ നിന്ന് ലൊക്കേഷന് പരിസരത്തുള്ള താമസസ്ഥലങ്ങളിൽ എത്തിക്കുകയും ഷൂട്ടിംഗ് പേക്കപ്പ് ആയാൽ അതുപോലെ തന്നെ തിരിച്ച് അവരവരുടെ വീടുകളിലേക്ക് തിരിച്ചയക്കുകയും വേണം. ഓരോരുത്തരുടെയും യാത്ര സൗകര്യങ്ങൾ എങ്ങനെയാണോ ആ കാര്യങ്ങൾ ചെയ്തു കൊടുത്തുകൊണ്ട്. അതായത് ഫ്ളൈറ്റ് ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ബസ് ടിക്കറ്റ്, ഇനി കാറിൽ വരുന്നവർക്ക് വണ്ടികൾ അങ്ങനെ…
ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന എല്ലാ എക്യുമെന്റുകളും ഷൂട്ടിങ്ങിനു മുൻപ് സ്ഥലത്ത് എത്തിക്കുകയും ഷൂട്ടിംഗ് കഴിഞ്ഞാൽ തിരിച്ചയക്കുകയും വേണം. തുടങ്ങാൻ പോകുന്ന സിനിമയിലെ ഏറ്റവും രസകരവും എന്നാൽ വിഷമം പിടിച്ചതുമായ ജോലിയാണ് ലൊക്കേഷൻ ഹണ്ടിങ്. കലാസംവിധായകനും ഞങ്ങളുടെ ഒരു ടീമും സംവിധായകൻ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ലൊക്കേഷനുകൾ കണ്ടുപിടിച്ചതിനു ശേഷം ഡയറക്ടറും ക്യാമറാമാനും അത് കാണാൻ വരുമ്പോൾ ഓകെ ആകുമോ എന്നുള്ള ടെൻഷൻ. അദ്ദേഹം മനസ്സിൽ ഉദ്ദേശിച്ച സ്ഥലങ്ങൾ തന്നെയാണ് നമ്മൾ കണ്ടുപിടിച്ചിരിക്കുന്നത് എന്ന് അറിയുമ്പോൾ ഉള്ള സന്തോഷം. അല്ലെങ്കിൽ ഉണ്ടാകുന്ന നിരാശ. വീണ്ടും അദ്ദേഹത്തിന്റെ മനസ്സിനിണങ്ങുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കാനുള്ള യാത്രകൾ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സ്ഥലങ്ങളുടെ ഉടമസ്ഥന്മാരിൽ നിന്ന് പെർമിഷൻ വാങ്ങിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ. സമ്മതം കിട്ടിയാലും നമ്മൾക്ക് ഷൂട്ടിങ്ങിന് ആവശ്യമുള്ള ഡേറ്റുകളിൽ വീട്ടുകാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും അന്വേഷിക്കണം. സർക്കാർ, പോലീസ് ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആണെങ്കിൽ അതിന്റെ പെർമിഷൻ വാങ്ങിയെടുക്കാനുള്ള അലച്ചിൽ. ഷൂട്ടിംഗ് തുടങ്ങാൻ ആകുമ്പോഴേക്കും എല്ലാ പെർമിഷനുകളും വാങ്ങിയെടുക്കുമ്പോൾ ഉണ്ടാകുന്ന ആശ്വാസം.
സെറ്റ് ഇട്ടു ഷൂട്ട് ചെയ്യേണ്ടതാണെങ്കിൽ ആർട്ട് ഡയറക്ടറുടെ ആവശ്യങ്ങൾ സമയാസമയത്തു ചെയ്തുകൊടുക്കണം. ഒരു പ്രൊഡക്ഷൻ മാനേജരെ സെറ്റ് പണിയുടെ മേൽനോട്ടത്തിന് നിർത്തണം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ, ഫെഫ്ക, തുടങ്ങിയവരുമായുള്ള പേപ്പർ വർക്കുകൾ, അസോസിയേറ്റ് ഡയറക്ടർ ചാർട്ട് തരുന്നതിനനുസരിച്ചു ആർട്ടിസ്റ്റുകളുടെ അടുത്തുനിന്നു ഡേറ്റുകൾ ഉറപ്പിക്കുക. അവരുടെ ശമ്പളം ഫിക്സ് ചെയ്യുക. കോസ്റ്റ്യൂം ഡിസൈനർ, യൂണിറ്റ്, ക്യാമറ, ജിമ്മി ജിബ്, ക്രെയിൻ, മേക്കപ്പ് മാൻ, സ്റ്റിൽ ഫോട്ടോഗ്രാഫർ, സ്പോട്ട് എഡിറ്റർ,സ്പോർട്സ് സൗണ്ട് റെക്കോർഡിങ്, പ്രൊഡക്ഷൻ ബോയ്സ്, മെസ്സ് തുടങ്ങി എല്ലാവരുമായും സംസാരിച്ച് ഡേറ്റുകൾ ഉറപ്പിക്കണം.
ചീഫ് ടെക്നീഷ്യന്മാരുടെ ശമ്പളം ഫിക്സ് ചെയ്യണം. അസിസ്റ്റന്റ് മാർക്ക് എല്ലാം യൂണിയൻ ഫിക്സ് ചെയ്ത റേറ്റ് ആണ്. ഏതു സ്ഥലത്താണ് ഷൂട്ടിംഗ് ആ സ്ഥലത്തെ എസ്പി അല്ലെങ്കിൽ കമ്മീഷണർ അവരുടെ പെർമിഷൻ, ആ പെർമിഷൻ പേപ്പർ വച്ച് ഷൂട്ടിംഗ് ചെയ്യുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പെർമിഷൻ വാങ്ങുക. സ്ഥലത്തെ പഞ്ചായത്ത് ഓഫീസ് കോർപ്പറേഷൻ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിംഗ് വിവരം അറിയിക്കുക. ഗവൺമെന്റിന്റെ സ്ഥലങ്ങൾ ആണെങ്കിൽ പ്രത്യേകം ഫീസ് അടച്ച് പെർമിഷൻ വാങ്ങിക്കുക. ഞങ്ങളുടെ നാട്ടിൽ ഒരു ഷൂട്ടിംഗ് വന്നിട്ട് ഞങ്ങളെ അറിയിച്ചില്ലല്ലോ എന്ന് പരാതി ഉണ്ടാവാതിരിക്കാൻ ഓരോ നാട്ടിലെയും രാഷ്ട്രീയ നേതാക്കളെയും പ്രമാണിമാരെയും കണ്ട് ഷൂട്ടിംഗ് വിവരം അറിയിക്കുക അങ്ങനെ കുറെ കാര്യങ്ങൾ അനുവാദവുമായി ബന്ധപ്പെട്ട്.
ഷൂട്ടിങ്ങിന് ആവശ്യമായ വാഹനങ്ങൾ ഏർപ്പാടാക്കുക, എല്ലാവർക്കും താമസിക്കാനുള്ള റൂമുകൾ ബുക്ക് ചെയ്യുക, കാരവാൻ പോലുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുക അങ്ങനെ കുറെ കാര്യങ്ങൾ. കൂടാതെ ഷൂട്ടിങ്ങിന് കണ്ടുപിടിക്കുന്ന വീടുകളുടെ മുന്നിൽ നമ്മളുടെ 35 ഓളം വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലമുണ്ടോ എന്നും നോക്കണം. തിരക്കഥ രചന നടക്കുന്ന സമയത്ത് റൈറ്റർക്ക് അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണം.
ഷൂട്ടിങ്ങിനു മുമ്പ് തന്നെ ഡയറക്ടർ നിർദേശിക്കുന്ന മ്യൂസിക് ഡയറക്ടറേയും ഗാന രചയിതാവിനെയും കണ്ട് സംസാരിക്കണം ശമ്പളം ഫിക്സ് ചെയ്യണം. പാട്ടുപാടുന്നവരെ മ്യൂസിക് ഡയറക്ടർ പറയുന്ന ദിവസം സ്റ്റുഡിയോയിൽ എത്തിക്കണം. ഓരോ കാര്യങ്ങളും ഉറപ്പിക്കുന്നതിനു മുൻപ് പ്രൊഡ്യൂസറുമായി ഡിസ്കഷൻ വേണം.തീരുമാനങ്ങൾ എടുക്കും മുൻപ് അദ്ദേഹത്തിന്റെ സമ്മതം കൂടി വാങ്ങണം. നിർമ്മാതാവ് അറിയാതെ ഒരു കാര്യവും സിനിമയിൽ നടക്കാൻ പാടില്ല.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റ് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കൂടുതൽ വേണ്ടി വന്നാൽ അദ്ദേഹം അടുത്ത അഭിനയിക്കാൻ ഇരിക്കുന്ന സിനിമയുടെ ഡയറക്ടറേയും നിർമ്മാതാവിനെയും പ്രൊഡക്ഷൻ കൺട്രോളറെയും സമീപിച്ച് അത് വാങ്ങിയെടുക്കുക എന്നൊരു വൻ കടമ്പ ഉണ്ട്. ഷൂട്ടിംഗ് കഴിഞ്ഞാലോ എഡിറ്റിംഗ്, ഡബ്ബിങ്, സൗണ്ട് എഫ്ഫ്ര്രക്, ഗ്രാഫിക്സ്,ഉക ഫൈനൽ മിക്സിങ്, തുടങ്ങിയ കാര്യങ്ങൾ നടത്താൻ കൃത്യമായ മേൽനോട്ടം. കോപ്പി ആയിക്കഴിഞ്ഞാൽ സെൻസറുമായി ബന്ധപ്പെട്ട കാര്യങ്ങൾ. റിലീസിന് മുൻപ് പ്രമോഷൻ പ്രോഗ്രാമുകളുടെ കോർഡിനേഷൻ. അങ്ങനെ ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയാണ് പ്രൊഡക്ഷൻ കൺട്രോളറുടെയും അസിസ്റ്റന്റുമാരുടെയും. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ലക്ഷങ്ങൾ നഷ്ടം വരുന്ന ഈ ഫീൽഡിൽ അതില്ലാതെ നോക്കേണ്ടത് ഓരോ പ്രൊഡക്ഷൻ കൺട്രോളുടെയും ഉത്തരവാദിത്വമാണ്. അമ്മ അടക്കം 22 വിഭാഗങ്ങൾ ഉള്ള സിനിമയിൽ 21 വിഭാഗങ്ങൾക്കും അവരവരുടെ കാര്യങ്ങൾ, ജോലികൾ മാത്രം നോക്കിയാൽ മതി. 22 വിഭാഗങ്ങളുടെയും സൗകര്യങ്ങൾ, വീഴ്ചയില്ലാതെ ഓരോ സെക്ഷനിലെയും ജോലികൾ പോകുന്നുണ്ടോ എന്ന് നോക്കേണ്ടതും ഞങ്ങളാണ്.
RELATED TOPICS: PRODUCTION CONTROLLER, PRODUCTION CONTROLLER JOB, FILM PRODUCTION CONTROLLER, MALAYALAM CINEMA JOBS, PRODUCTION CONTROL DUTIES
Business ⏭️


