NEWS

കാക്കനാട് അപകടം: റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി∙ കാക്കനാട് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരി മരിച്ച സംഭവത്തിൽ അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. എട്ടു ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ എങ്ങനെയാണ് പൊതുനിരത്തിൽ ബസ് ഓടിക്കുന്നതെന്ന് ചോദിച്ച കോടതി, റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ തമ്പുരാക്കന്മാരല്ല, മറിച്ച് യമദൂതന്മാരാണെന്ന് തുറന്നടിച്ചു.

തൃശൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ഐടി ജീവനക്കാരിയുമായ അക്ഷര (28) ചൊവ്വാഴ്ച ബസിടിച്ച് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. അപകടത്തിന് കാരണമായ ‘മലയിൽ’ എന്ന ബസിന്റെ ഡ്രൈവർ സി.കെ. ബിനോയ് (43) മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉൾപ്പെടെ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്. നിലവിൽ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അപകടം നടന്ന സമയത്ത് ഡ്രൈവർ ബിനോയിയുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ബസ് ഉടമ അപേക്ഷ നൽകിയിരുന്നെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇയാൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ വിവരം ഉടമ ബോധപൂർവം മറച്ചുവെച്ചതാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

‘‘ഇത്തരമൊരു അപകടം സൃഷ്ടിക്കുന്നവർക്ക് പിന്നീട് ഒരിക്കലും വാഹനമോടിക്കാൻ അനുമതി നൽകരുത്. ഹോൺ മുഴക്കി മറ്റുള്ളവരെ ഭയപ്പെടുത്തിക്കൊണ്ടാണ് ഈ ബസുകൾ റോഡിലൂടെ പായുന്നത്. തങ്ങൾ വരുമ്പോൾ മറ്റുള്ളവർ വഴിമാറിപ്പോകണമെന്ന അഹങ്കാരമാണ് ഇവർക്ക്. ഇവർ എവിടെയാണ് നിയമത്തെ മാനിക്കുന്നത്? റോഡ് ഇവരുടെ തറവാട് സ്വത്താണോ? യഥാർത്ഥത്തിൽ ഇവർ റോഡിലെ കാലന്മാരാണ്. യാത്ര പുറപ്പെടുന്ന ഒരാൾ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണുള്ളത്. ഭ്രാന്തമായ രീതിയിലാണ് പലരും ബസ് ഓടിക്കുന്നത്. സാധാരണക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ ഭയമാകുന്ന സാഹചര്യം മാറണം. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു ബസ് നടപ്പാതയിലേക്ക് കയറി വന്നിരുന്നു, അന്ന് ഒരാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എന്നാൽ ഇത്തവണ ഒരു പെൺകുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഇല്ലാതാകുന്നത്. തിരിച്ചുപിടിക്കാൻ കഴിയാത്ത അമൂല്യമായ ജീവനുകൾക്കാണ് ഇവർ വിലപറയുന്നത്’’ – കാക്കനാട് അപകടത്തെ കുറിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

Fashion ⏭️

Back to top button